പങ്കാളിയുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കേണ്ട, ദാമ്പത്യത്തിലെ സ്വകാര്യതയും മൗലികാവകാശം: മദ്രാസ് ഹൈക്കോടതി

ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഭര്‍ത്താവ് ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
madras high court
മദ്രാസ് ഹൈക്കോടതിഫയല്‍
Published on
Updated on

ചെന്നൈ: ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്നും പങ്കാളിയുടെ സ്വകാര്യതയില്‍ ഒളിഞ്ഞു കയറി ശേഖരിക്കുന്ന വിവരങ്ങള്‍ സ്വീകരിക്കാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി വിധിച്ചു. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ ഭര്‍ത്താവ് ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ തള്ളിക്കൊണ്ടാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്വകാര്യത മൗലികാവകാശമാണെന്ന് പറയുമ്പോള്‍ അതില്‍ ദാമ്പത്യ ബന്ധത്തിലെ സ്വകാര്യതയും ഉള്‍പ്പെടും. പങ്കാളികളിലൊരാള്‍ മറ്റേയാളുടെ സ്വകാര്യതയിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. അങ്ങനെ സ്വകാര്യത ലംഘിച്ചു കൈവശപ്പെടുത്തിയ വിവരങ്ങള്‍ തെളിവായി അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹ ബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസമാണ്. ഇണകള്‍ക്ക് പരസ്പരം പരോക്ഷവും പൂര്‍ണവുമായ വിശ്വാസം ഉണ്ടായിരിക്കണം. സ്ത്രീകള്‍ക്ക് അവരുടേതായ സ്വയംഭരണാധികാരമുണ്ട്. തങ്ങളുടെ സ്വകാര്യ ഇടം കൈയേറിയിട്ടില്ലെന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്നും കോടതി പറഞ്ഞു. പരസ്പര വിശ്വാസമാണ് ദാമ്പത്യത്തിന്റെ ആണിക്കല്ലെന്നും ഒരാള്‍ മറ്റൊരാളുടെ കാര്യങ്ങള്‍ ഒളിഞ്ഞുനോക്കാന്‍ തുടങ്ങുമ്പോള്‍ ഈ വിശ്വാസമാണ് തകരുന്നതെന്നും കോടതി പറഞ്ഞു.

രണ്ടുമക്കളുടെ അച്ഛനായ യുവാവ് വിവാഹബന്ധം വേര്‍പെടുത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെയാണ് ഫോണ്‍ സംഭാഷണ വിവരങ്ങള്‍ ചോര്‍ന്നത്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും തന്നോട് ക്രൂരത കാണിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇത് തെളിയിക്കാനാണ് ഫോണ്‍ സംഭാഷണ വിവരങ്ങള്‍ കോടതിയില്‍ നല്‍കിയത്. താനറിയായെ ശേഖരിച്ച വിവരങ്ങള്‍ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ രാമനാഥപുരത്തെ പരമകുടി കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളി. അതിനെതിരേയാണ് ഹൈക്കോടതിയെ സമര്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com