ന്യൂഡല്‍ഹി: സിഗ്‌നല്‍ തെറ്റിച്ചെത്തിയ കാര്‍ ട്രാഫിക് പൊലീസുകാരെയും ഇടിച്ചു തെറിപ്പിച്ചു പാഞ്ഞു. സിഗ്‌നല്‍ തെറ്റിച്ചെത്തിയ കാര്‍ തടയാന്‍ പൊലീസുകാര്‍ ബോണറ്റില്‍ തൂങ്ങി കിടന്നെങ്കിലും രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും കൊണ്ട് കാര്‍ മുന്നോട്ട് പോയി. തെക്കന്‍ ഡല്‍ഹിയിലെ ബെര്‍ സറായിയില്‍ ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സംഭവം. എഎസ്‌ഐ പ്രമോദ്, ഹെഡ്കോണ്‍സ്റ്റബിള്‍ ശൈലേഷ് ചൗഹാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പൊലീസുകാരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനങ്ങളില്‍ പരിശോധന നടത്തുന്ന സമയത്തായിരുന്നു സംഭവം നടന്നതെന്ന് ഇരുവരും പറഞ്ഞു. കാര്‍ തടയാനായി ബോണറ്റില്‍ തൂങ്ങിക്കിടന്ന പൊലീസ് ഉദ്യോഗസ്ഥരെയും കൊണ്ട് കാര്‍ മുന്നോട്ട് പായുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.
ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ച വാഹനത്തിന് മുന്നിലേക്ക് കയറി നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ ഡ്രൈവര്‍ വേഗം കുറയ്ക്കുകയും പെട്ടെന്നുതന്നെ കാര്‍ വീണ്ടും വേഗത്തില്‍ മുന്നോട്ടെടുക്കുകയും ചെയ്തു. കാര്‍ കാലില്‍ തട്ടിയതോടെ നിലതെറ്റിയ ഉദ്യോഗസ്ഥര്‍ ബോണറ്റിന് മുകളിലേക്ക് കമിഴ്ന്നുവീഴുകയായിരുന്നു. .വേഗത കൂട്ടിയും കുറച്ചും പൊലീസുകാരെ നിലത്ത് വീഴ്ത്തിയ ശേഷം കാര്‍ പാഞ്ഞുപോയി. കാര്‍ ഡ്രൈവര്‍ക്കെതിരെ കൊലപാതകശ്രമത്തിനും കൃത്യനിര്‍വഹണം തടഞ്ഞതിനും കേസെടുത്തിട്ടുണ്ട്. മോട്ടോര്‍വാഹന നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക