ന്യൂഡല്‍ഹി: വിടവാങ്ങല്‍ ചടങ്ങില്‍ പിതാവും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്ന വൈ വി ചന്ദ്രചൂഡിന്റെ ഉപദേശം അനുസ്മരിച്ച് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. പിതാവ് പൂനെയില്‍ ഒരു ഫ്ലാറ്റ് വാങ്ങിയിരുന്നു. താന്‍ റിട്ടയര്‍ ചെയ്യുന്നതുവരെ ആ ഫ്ലാറ്റ് വില്‍ക്കരുതെന്നാണ് അച്ഛന്‍ ഉപദേശിച്ചതെന്ന് ഡി വൈ ചന്ദ്രചൂഡ് അനുസ്മരിച്ചു.
'എന്തുകൊണ്ടാണ് പൂനെയില്‍ ഫ്ലാറ്റ് വാങ്ങുന്നത്? എപ്പോഴാണ് അവിടെ താമസിക്കാന്‍ പോകുന്നത്?' എന്ന് അച്ഛനോട് ചോദിച്ചു. 'ഞാന്‍ അവിടെ താമസിക്കില്ലെന്ന് എനിക്കറിയാം, എത്രനാള്‍ നിങ്ങളോടൊപ്പം ഞാന്‍ ഉണ്ടാകുമെന്നു പോലും ഉറപ്പില്ല, പക്ഷേ ജഡ്ജിയെന്ന നിലയില്‍ നിന്റെ കാലാവധിയുടെ അവസാന ദിവസം വരെ ഈ ഫ്ലാറ്റ് നിലനിര്‍ത്തുക'. എന്നാണ് അച്ഛന്‍ ആവശ്യപ്പെട്ടത്.
അത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍, 'നിന്റെ ധാര്‍മ്മികതയോ ബൗദ്ധിക ഇന്റഗ്രിറ്റിയോ വിട്ടുവീഴ്ച ചെയ്യപ്പെട്ടതായി തോന്നുന്നുവെങ്കില്‍, നിന്റെ തലയ്ക്ക് മുകളില്‍ ഒരു മേല്‍ക്കൂരയുണ്ടെന്ന് അറിയണം. ജഡ്ജിയെന്ന നിലയിലോ അഭിഭാഷകനെന്ന നിലയിലോ ഒരു തരത്തിലും വിട്ടുവീഴ്ചയ്ക്ക് വശംവദനാകരുത്'. പിതാവ് പറഞ്ഞു. കുട്ടികളായിരിക്കെ അദ്ദേഹം ഞങ്ങളെ ശിക്ഷിച്ചില്ല, അദ്ദേഹത്തിന്റെ ജീവിതം മനസ്സിലാക്കി അച്ചടക്കത്തിന്റെ ആദര്‍ശങ്ങള്‍ പഠിക്കണമെന്ന് അദ്ദേഹം കരുതി. ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
തന്റെ ജീവിതത്തിലെ അമ്മയുടെ സ്ഥാനവും ജസ്റ്റിസ് ചന്ദ്രചൂഡ് അനുസ്മരിച്ചു. ബാല്യകാലത്ത് താന്‍ നിത്യവും രോഗിയായ കുട്ടിയായിരുന്നു. രോഗം ഭേദമാകുന്നതും കാത്ത് അമ്മ പലപ്പോഴും രാത്രി ഉറക്കമിളച്ചിരിക്കുമായിരുന്നു. മരുന്ന് ഗംഗയെപ്പോലെയാണെന്നും, ഡോക്ടര്‍ ദൈവമാണെന്നുമാണ് അമ്മ പറഞ്ഞത്. നിനക്ക് ധനഞ്ജയ് എന്നാണ് പേരിട്ടത്. എന്നാല്‍ 'ധനം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൗതിക സമ്പത്തല്ല, വിജ്ഞാന സമ്പത്ത് ആണ്. അമ്മ പ്രഭ ചന്ദ്രചൂഡ് ഓള്‍ ഇന്ത്യ റേഡിയോയില്‍ ക്ലാസിക്കല്‍ സംഗീതജ്ഞയായിരുന്നുവെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക