ന്യൂഡല്‍ഹി: കേസില്‍ പ്രതികളോ കുറ്റക്കാരോ ആയതിന്റെ പേരില്‍ ഒരാളുടെ വീട് ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി. ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പരമോന്നത കോടതി കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.
പ്രതിയെ കുറ്റക്കാരെന്നു വിധിച്ച് വീട് ഇടിച്ചു നിരത്തുന്നതിനു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ജഡ്ജിയല്ലെന്ന്, ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് പറഞ്ഞു. സ്ത്രീകളും കുട്ടികളും രാത്രിയില്‍ തെരുവില്‍ അലയുന്നതു കാണുന്നത് സന്തോഷമുള്ള കാര്യമല്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
പതിനഞ്ചു ദിവസം മുമ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കാതെ ഒരു കെട്ടിടവും പൊളിക്കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ കോടതി വ്യക്തമാക്കി. പൊളിക്കല്‍ വിഡിയോയില്‍ ചിത്രീകരിക്കണം. ഭരണഘടനയും ക്രിമിനല്‍ നിയമവും അനുസരിച്ച് കേസില്‍ പ്രതികളാവുന്നവര്‍ക്കും കുറ്റവാളികള്‍ക്കും ചില അവകാശങ്ങളൊക്കെയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനും കോടതി ഉത്തരവു പ്രകാരമുള്ള പൊളിക്കലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാവില്ലെന്ന് കോടതി വ്യക്തമാക്കി. കെട്ടിടങ്ങള്‍ പൊളിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക