'ഭക്ഷണം വേവുന്നതു വരെ കാത്തിരിക്കാന്‍ പറയുന്നത് പ്രകോപനമല്ല'; ഭര്‍ത്താവിനെതിരായ കൊലക്കുറ്റം ശരിവച്ച് കോടതി

ഭാര്യ പ്രകോപനമുണ്ടാക്കിയതുകൊണ്ടാണ് വെട്ടിയതെന്നും അതുകൊണ്ട് കൊലപാതക കുറ്റമാകില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി റായ് കിഷോര്‍ ജെന ഹൈക്കോടതിയെ സമീപിച്ചത്
ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമാകില്ലെന്നും കോടതി
ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമാകില്ലെന്നും കോടതി ഫയല്‍
Published on
Updated on

ഭുവനേശ്വര്‍: ഭക്ഷണത്തിന് കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റെ കൊലപാതക കുറ്റം ശരിവെച്ച് ഒറീസ ഹൈക്കോടതി. ഭാര്യ പ്രകോപനമുണ്ടാക്കിയതുകൊണ്ടാണ് വെട്ടിയതെന്നും അതുകൊണ്ട് കൊലപാതക കുറ്റമാകില്ലെന്നും ശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതി റായ് കിഷോര്‍ ജെന ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ എസ് കെ സാഹു, ചിത്തരഞ്ജന്‍ ദാഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ജോലി കഴിഞ്ഞ് വിശന്ന് എത്തിയ ഭര്‍ത്താവിനോട് ഭക്ഷണത്തിനായി അല്‍പ്പം കാത്തിരിക്കണമെന്ന് പറഞ്ഞതിനാണ് പ്രതിയായ റായ് കിഷോര്‍ ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തിയത്. ഭക്ഷണം തയ്യാറാകുന്നതുവരെ കാത്തിരിക്കാന്‍ പറഞ്ഞ ഭാര്യയുടെ വാക്കുകള്‍ പ്രകോപനമാകില്ലെന്നും കോടതി കണ്ടെത്തി. വീട്ടമ്മ പെട്ടെന്നുള്ള ഒരു പ്രകോപനവുമുണ്ടാക്കിയതായി പറയാനാവില്ല. സംഭവ ദിവസം പെട്ടെന്ന് പ്രകോപനമുണ്ടാക്കത്തക്ക രീതിയില്‍ വഴക്കുകളും നടന്നില്ല. ഭക്ഷണം വൈകും എന്ന പറഞ്ഞയുടനെ വാക്കത്തി കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളുടെ മുന്നിലിട്ടാണ് പ്രതി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയത്. കഴുത്തിലും മുഖത്തും ചെവിയിലും ഒന്നിലധികം തവണ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായും കോടതി നിരീക്ഷിച്ചു.

കൊലപാതക കുറ്റത്തിന് വിചാരണക്കോടതതി ഇദ്ദേഹത്തെ ശിക്ഷിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് വിചാരണ കോടതി കണ്ടെത്തിയത്. വിചാരണക്കോടതിയുടെ വിധിക്കെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ ശരീരത്തില്‍ ഒമ്പത് ഭാഗത്താണ് ഇയാള്‍ വെട്ടി പരിക്കേല്‍പ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com