'സ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകം'; ഇന്ദിരയുടെ ജന്മദിനത്തില്‍ അപൂര്‍വ ഫോട്ടോ പങ്കുവച്ച് രാഹുല്‍

രാജ്യതാല്‍പ്പര്യത്തിന്റെ പാതയില്‍ നിര്‍ഭയമായി സഞ്ചരിക്കുന്നതാണ് യഥാര്‍ത്ഥ ശക്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത് അവരില്‍ നിന്നാണ്. അവരുടെ ഓര്‍മ്മകളാണ് എന്റെ ശക്തി, അത് എനിക്ക് എപ്പോഴും വഴി കാണിക്കുന്നു
Rahul Gandhi paid tribute to former Prime Minister Indira Gandhi.
രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ഫോട്ടോ എക്‌സ്
Published on
Updated on

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ജന്മദിനത്തില്‍ സമാധി സ്ഥലമായ ശക്തി സ്ഥലില്‍ ആദരമര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയില്‍ മുത്തശ്ശിക്കൊപ്പമുള്ള ചിത്രവും രാഹുല്‍ പങ്കിട്ടു. തന്റെ മുത്തശ്ശി ഇന്ദിര ഗാന്ധി സ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമാണെന്നും രാഹുല്‍ സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

'സ്‌നേഹത്തിന്റെയും ധൈര്യത്തിന്റെയും ഉദാഹരണമായിരുന്നു മുത്തശ്ശി. രാജ്യതാല്‍പ്പര്യത്തിന്റെ പാതയില്‍ നിര്‍ഭയമായി സഞ്ചരിക്കുന്നതാണ് യഥാര്‍ത്ഥ ശക്തിയെന്ന് ഞാന്‍ മനസ്സിലാക്കിയത് അവരില്‍ നിന്നാണ്. അവരുടെ ഓര്‍മ്മകളാണ് എന്റെ ശക്തി, അത് എനിക്ക് എപ്പോഴും വഴി കാണിക്കുന്നു,' രാഹുല്‍ കുറിച്ചു.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെയും കമലാനെഹ്രവിന്റെയും മകളായി 1917 നവംബര്‍ 19നായിരുന്നു ഇന്ദിരയുടെ ജനം. ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയായ ഇന്ദിര 1966 മുതല്‍ 1977വരെയും 1980 മുതല്‍ 1984 ഒക്ടോബറില്‍ വധിക്കപ്പെടുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നു. നെഹ്രുവിന് ശേഷം ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രിയായതും ഇന്ദിരയാണ്. ബാങ്കുകളുടെ ദേശസാത്കരണം ഉള്‍പ്പടെയുള്ള നിരവധി സാമ്പത്തിക സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ ഇന്ദിരയുടെ ഭരണകാലത്ത് രാജ്യം ദക്ഷിണേഷ്യിലെ പ്രധാനശക്തികളിലൊന്നായി.

1975ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് ഇന്ദിരയുടെ രാഷ്ട്രീയ ജീവിതത്തിലെ കറുത്ത പാടായി. സ്വേച്ഛാധിപതിയെന്ന് രാജ്യം ഇന്ദിരയൈ വിളിച്ചു. അതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ദിര ഇനി തിരിച്ചുവരില്ലെന്ന് രാഷ്ട്രീയ നീരിക്ഷകര്‍ വിധിയെഴുതിയെങ്കിലും പൂര്‍വാധികം ശക്തിയോടെ മൂന്നുവര്‍ഷത്തിനകം പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തി.

അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടപ്പാക്കിയതിന്റെ പ്രതികാരമായി സ്വന്തം അംഗരക്ഷകരായ സത് വന്ത് സിങ്, ബിയാന്ത് സിങ് എന്നിവരുടെ വെടിയേറ്റ് 1984 ഒക്ടോബര്‍ 31നാണ് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com