ന്യൂഡല്‍ഹി: ന്യൂയോര്‍ക്ക് കോടതി വഞ്ചനാക്കേസ് എടുത്ത വ്യവസായപ്രമുഖന്‍ ഗൗതം അദാനിക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അദാനിയെ സംരക്ഷിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. ഇന്ത്യയില്‍ അദാനിയും മോദിയും ഒന്നാണ്. ഇത്ര വലിയ അഴിമതി നടത്തിയിട്ടും അദാനി സ്വതന്ത്രനാണ്. അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അദാനിയുടെ കുംഭകോണങ്ങളില്‍ ജെപിസി അന്വേഷണം വേണം. അദാനി വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. സെബി മേധാവി മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണെന്നും രാഹുല്‍ഗാന്ധി ആരോപിച്ചു.
ന്യൂയോര്‍ക്ക് കോടതി വഞ്ചനാക്കേസ് എടുത്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന് ജയ്‌റാം രമേശ് ആവശ്യപ്പെട്ടു. അദാനിക്കെതിരെ കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് അമേരിക്കന്‍ കോടതിയെടുത്ത കേസെന്നും ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടു.
''ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ഓഫീസ് അദാനിക്കും കൂട്ടര്‍ക്കുമെതിരെ ചുമത്തിയ ഗുരുതരമായ ആരോപണങ്ങള്‍, 'മോദാനി' അഴിമതികള്‍ക്കെതിരെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് 2023 ജനുവരി മുതല്‍ ഉന്നയിക്കുന്ന ആവശ്യത്തെ ന്യായീകരിക്കുന്നു. 'ഹം അദാനി കെ ഹെ' എന്ന സീരീസിലൂടെ കോണ്‍ഗ്രസ് അദാനിയുമായി ബന്ധപ്പെട്ട അഴിമതികളെക്കുറിച്ചും, പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബിസിനസുകാരനുമായുള്ള അടുത്ത ബന്ധത്തെ കുറിച്ചും 100 ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇന്നും ആ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചിട്ടില്ല. അദാനി ഗ്രൂപ്പിന്റെ ഇടപാടുകളെക്കുറിച്ച് ജെപിസി അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വീണ്ടും ആവര്‍ത്തിക്കുന്നു.'' ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
ഇപ്പോള്‍, ഗൗതം അദാനി, സാഗര്‍ ആര്‍ അദാനി എന്നിവര്‍ക്കെതിരെ ന്യൂയോര്‍ക്കിലെ അറ്റോര്‍ണി ഓഫീസ് സമര്‍പ്പിച്ച ഗുരുതരമായ കുറ്റപത്രം അദാനിയുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തി. 2020 നും 2024 നും ഇടയില്‍ അദ്ദേഹം ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ ഡോളറിലധികം (2,100 കോടി രൂപ) കൈക്കൂലി നല്‍കിയതായിട്ടാണ് പറയുന്നത്. 'ഇന്ത്യ ഗവണ്‍മെന്റിന്റെ സോളാര്‍ പവര്‍ പ്ലാന്റുകളുടെ പ്രോജക്റ്റിന്റെ കരാറുകള്‍ നേടുന്നതിനാണ് കൈക്കൂലി നല്‍കിയതെന്നും ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രിയുടെ അറിവോടെയും സംരക്ഷണത്തോടെയുമാണ് അദാനി അഴിമതികളും വഞ്ചനകളും നടത്തിയതെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിക്കുന്നു. അദാനി ഗ്രൂപ്പിന്റെ സെക്യൂരിറ്റികളുടെയും മറ്റ് നിയമങ്ങളുടെയും ലംഘനങ്ങള്‍ അന്വേഷിക്കുന്ന സെബിയുടെ പരാജയവും പുതിയ സംഭവവികാസങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. അദാനി കുംഭകോണത്തിലെ നിയമ ലംഘനങ്ങള്‍ പുറത്തുവരാന്‍ പുതിയ സെബി മേധാവിയെ നിയമിക്കുകയും, അന്വേഷണത്തിനായി ജെപിസി രൂപീകരിക്കുകയും ചെയ്യുക എന്നതാണ് ശരിയായ പോംവഴിയെന്നും ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. അദാനിക്കെതിരായ കേസ് ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കമെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ പറഞ്ഞു. അദാനിക്കെതിരെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക