ന്യൂഡല്‍ഹി: ആയുര്‍വേദപ്രകാരമുള്ള ഭക്ഷണക്രമം കാന്‍സര്‍ ഭേദമാക്കുമെന്ന വിവാദ പ്രസ്താവന തിരുത്തി മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ നവജോത് സിങ് സിദ്ധു. തന്‍റെ ഭാര്യക്ക് കാന്‍സര്‍ മാറിയത് ശരിയായ ഭക്ഷണ ക്രമം പാലിച്ചതുകൊണ്ടാണെന്ന് നവജോത് സിങ് സിദ്ധു പറഞ്ഞിരുന്നു. പ്രസ്താവനക്കെതിരെ കാന്‍സര്‍ കാന്‍സര്‍ രോഗ വിദഗ്ധര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ഭാര്യക്ക് കീമോതെറാപ്പിയും സര്‍ജറിയും മറ്റ് കാന്‍സര്‍ ചികിത്സകളും നല്‍കിയിരുന്നുവെന്ന പുതിയ പ്രസ്താവനയുമായി സിദ്ധു രംഗത്തെത്തിയത്.
കാന്‍സര്‍ കണ്ടുപിടിക്കുമ്പോള്‍ തന്റെ ഭാര്യക്ക് കാന്‍സറിന്റെ നാലാം ഘട്ടമായിരുന്നു. പാലുല്‍പ്പന്നങ്ങളും പഞ്ചാരയും കഴിക്കാതെ പൂര്‍ണമായും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയെന്ന് സിദ്ധു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. മാത്രമല്ല, തന്റെ ഭാര്യ മഞ്ഞളും വേപ്പിലയും കഴിച്ചിരുന്നുവെന്നും ഇത് കാന്‍സര്‍ ഭേദമാക്കാന്‍ സഹായിച്ചുവെന്നും സിദ്ധു പറഞ്ഞു. ഇതേത്തുടര്‍ന്ന് നിരവധി ഓങ്കോളജിസ്റ്റുകള്‍ സിദ്ധുവിനെതിരെ രംഗത്ത് വന്നിരുന്നു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് സിദ്ധുവിനെ വിമര്‍ശിക്കുകയും തെളിയിക്കാന്‍ ശാസ്ത്രീയ തെളിവുകള്‍ ഒന്നും ഇല്ലെന്നും ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാര്‍ രംഗത്തു വന്നു. മാത്രമല്ല ഭാര്യ കൗറിന് വേണ്ടി നടത്തിയ കീമോ തെറാപ്പികള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ആല്‍ക്കലൈന്‍ വെള്ളം, ഏലക്ക, തുളസി, ഇഞ്ചി, കറുവപ്പട്ട എന്നിവയുള്‍പ്പെടുത്തിയ കഷായം, ഇടവിട്ടുള്ള ഉപവാസം, മഞ്ഞള്‍, നാരങ്ങ വെള്ളം, വേപ്പില, പഴങ്ങള്‍, പച്ചക്കറികള്‍. പരിപ്പ്, വിത്ത് എന്നിവയുള്‍പ്പെടുന്ന വിശദമായ ഡയറ്റ് പ്ലാനുകളും നവ്‌ജ്യോത്സിങ് പങ്കുവെച്ചിരുന്നു. തക്കാളി, ചീര, കൂണ്‍, കാരറ്റ്, ഉള്ളി എന്നിവയുള്‍പ്പെട്ട സാലഡും ഭാര്യ കഴിച്ചിരുന്നതായി സിദ്ധു പറഞ്ഞു.
ശുദ്ധമായ വെളിച്ചെണ്ണ, ഒലിവെണ്ണ എന്നിവയില്‍ പാകം ചെയ്ത ഭക്ഷണമാണ് അവള്‍ കഴിച്ചിരുന്നത്. ഭക്ഷണ ക്രമത്തോടൊപ്പം നടത്തം, യോഗ എന്നീ പതിവ് വ്യായാമങ്ങള്‍ തുടര്‍ന്നുവെന്നും സിദ്ധു പറഞ്ഞിരുന്നു. എന്നാല്‍ വേപ്പിനും മഞ്ഞളിനും ആരോഗ്യപരമായ ഗുണങ്ങളുണ്ടാമെന്നും കാന്‍സര്‍ ഭേദമാക്കാന്‍ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ലെന്ന് വ്യക്തമാക്കി ഡോക്ടര്‍മാരും രംഗത്തെത്തുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക