മുംബൈ: നിയമപാലകരെന്ന് തെറ്റിദ്ധരിപ്പിച്ച് മുംബൈ സ്വദേശിനിയായ 77 കാരിയില്‍ നിന്ന് തട്ടിയെടുത്തത് 3.8 കോടി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വച്ച് ഏറ്റവും വലിയ ഡിജിറ്റല്‍ തട്ടിപ്പാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരു മാസത്തോളം ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത ശേഷം 3.8 കോടി രൂപയാണ് തട്ടിയെടുത്തത്.
ഒരു ഫോണ്‍ കോളില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം. തായ്വാനിലേക്ക് അയച്ച പാഴ്സല്‍ പിടിച്ചെടുത്തതായി വയോധികയ്ക്ക് വാട്‌സാപ്പ് കോള്‍ ലഭിച്ചു. അഞ്ച് പാസ്പോര്‍ട്ടുകള്‍, ഒരു ബാങ്ക് കാര്‍ഡ്, നാലു കിലോ വസ്ത്രങ്ങള്‍, എംഡിഎംഎ എന്നിവ പാഴ്‌സലില്‍ നിന്നും കണ്ടെത്തിയെന്നവകാശപ്പെട്ടായിരുന്നു ഫോണ്‍ കോള്‍. എന്നാല്‍ താന്‍ പാഴ്സലൊന്നും അയച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍, ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ കുറ്റകൃത്യത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും മുംബൈയിലെ പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിക്കണമെന്നും സ്‌കൈപ്പ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. കോള്‍ കട്ട് ചെയ്യരുതെന്നും കേസിനെ കുറിച്ച് ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു.
ആനന്ദ് റാണ എന്ന ഐപിഎസ് ഓഫിസറെന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ വയോധികയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടു. വൈകാതെ, ധനകാര്യ വകുപ്പിലെ ഐപിഎസുകാരനായ ജോര്‍ജ് മാത്യുവെന്ന് അവകാശപ്പെട്ട് മറ്റൊരാള്‍ കോളിലേക്ക് എത്തി. അന്വേഷണത്തിന്റെ ഭാഗമായി പങ്കിട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ ഇയാള്‍ വയോധികയോട് ആവശ്യപ്പെട്ടു. നിരപരാധിയാണെന്ന് കണ്ടെത്തിയാല്‍ പണം തിരികെ നല്‍കാമെന്നു അറിയിച്ചു.
24 മണിക്കൂര്‍ വിഡിയോ കോളില്‍ തുടരാനാണ് ആദ്യം സ്ത്രീയോട് ആവശ്യപ്പെട്ടത്. ആദ്യം 15 ലക്ഷം രൂപയാണ് കൈമാറിയത്. എന്തെങ്കിലും കാരണവശാല്‍ വിഡിയോ കോള്‍ കട്ടായാല്‍ തട്ടിപ്പുകാര്‍ വീണ്ടും വിളിച്ച് വിഡിയോ ഓണാക്കാന്‍ ഭീഷണിപ്പെടുത്തുമായിരുന്നു. ഒരു മാസത്തോളം ഇതു തുടര്‍ന്നു. 3.8 കോടി രൂപയാണ് വയോധികയ്ക്ക് നഷ്ടമായത്. പണം തിരികെ ലഭിക്കാതെ വന്നപ്പോള്‍ സംശയം തോന്നിയ വയോധിക മകളോട് ഇക്കാര്യം പങ്കുവയ്ക്കുകയും തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക