ന്യൂഡല്‍ഹി : പാമോലിന്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനാണ് മാറ്റിയത്. ഹര്‍ജി പരിഗണിക്കുന്നത് ഇനി മാറ്റിവയ്ക്കില്ലെന്ന സൂചനയും സുപ്രീംകോടതി നല്‍കി. മുന്‍ മുഖ്യ വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസ്, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കോണ്‍ഗ്രസ് നേതാവ് ടി എച്ച് മുസ്തഫ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ആണ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നത്. മുസ്തഫ മരിച്ചതിനാല്‍ അദ്ദേഹത്തിന്റെ അപ്പീല്‍ കോടതി രേഖകളില്‍ നിന്ന് ഒഴിവാക്കി.
സീനിയര്‍ അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ഹര്‍ജി പരിഗണിക്കുന്നത് മാറ്റണമെന്നാണ് പി ജെ തോമസിന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. ഒരു പതിറ്റാണ്ടായി കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന ഹര്‍ജി വീണ്ടും മാറ്റുന്നതില്‍ ഉള്ള അതൃപ്തി കോടതി അറിയിച്ചു. എന്നാല്‍ ആവശ്യം അഭിഭാഷകന്‍ വീണ്ടും ഉന്നയിച്ചതിനെ തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് മാറ്റി.
2012 ല്‍ ഫയല്‍ ചെയ്ത ഹര്‍ജികളാണ് ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വന്നത്. കേസില്‍ വിചാരണ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ മറ്റൊരു കേസ് നിലനില്‍ക്കുന്നതിനാല്‍ വിചാരണ ഇതുവരെയും ആരംഭിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക