

മുംബൈ: ടാറ്റ സൺസ് മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ രത്തന്‍ ടാറ്റ അന്തരിച്ചു. 86 വയസ്സായിരുന്നു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി 11.45ഓടെയായിരുന്നു അന്ത്യം. രക്തസമ്മർദം കുറഞ്ഞ് അവശനായ രത്തൻ ടാറ്റയെ തിങ്കളാഴ്ച പുലർച്ചെയാണ് ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
രത്തൻ ടാറ്റയുടെ ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. അവിവാഹിതനാണ്. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു രത്തൻ ടാറ്റ. 1991-ല്‍ ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനായ അദ്ദേഹം 2012 ഡിസംബറിലാണ് വിരമിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടാറ്റ ഗ്രൂപ്പ് വിസ്മയിപ്പിക്കുന്ന വളര്‍ച്ചയാണ് നേടിയത്. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തുന്നതിൽ രത്തൻ ടാറ്റ നിസ്തുല പങ്കാണ് വഹിച്ചത്.
രത്തന്റെ കാലത്ത് ടാറ്റ 10,000 കോടി ഡോളർ വിറ്റു വരവുള്ള കമ്പനിയായി വളർന്നു. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം. മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍. അങ്ങനെ വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നു രത്തൻ ടാറ്റ. രത്തന്‍റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അൻപത് ഇരട്ടിയായി വളർന്നു.
ബ്രിട്ടനിലെ ടെറ്റ്‌ലി ടീയെ 2000-ത്തിൽ ഏറ്റെടുത്ത് ‘ടാറ്റ ഗ്ലോബൽ ബെവ്‌റജസ്’ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ തേയിലക്കമ്പനിയായി. ദക്ഷിണ കൊറിയയിലെ ദെയ്വു മോട്ടോഴ്സ്, ബ്രിട്ടീഷ് ബ്രാൻഡായിരുന്ന ജഗ്വാർ ആൻഡ് ലാൻഡ് റോവർ, ബ്രിട്ടനിലെ കോറസ് ഉരുക്കുകമ്പനി അങ്ങനെ രത്തന്റെ കാലത്ത് ടാറ്റയിൽ ലയിച്ച കമ്പനികളേറെയാണ്. സാധാരണക്കാർക്ക് വേണ്ടി ടാറ്റ പുറത്തിറക്കിയ നാനോ കാർ, കുറഞ്ഞവിലയിൽ ‘സ്വച്ഛ്’ വാട്ടർ പ്യൂരിഫയർ തുടങ്ങിയവ രാജ്യത്തെ പാവപ്പെട്ടവരെ കൂടി കണക്കിലെടുത്ത് രത്തൻ ടാറ്റ കൊണ്ടുവന്നു.
1937 ഡിസംബർ 28-നാണ് നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി രത്തന്റെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർത്ഥം. മുംബൈയിലെ കാംപിയൻ, കത്തീഡ്രൽ ആൻഡ് ജോൺ കോനൻ സ്കൂളുകളിലായിരുന്നു പഠനം. ന്യൂയോർക്കിലെ ഇത്താക്കയിലുള്ള കോർണൽ സർവകലാശാലയിൽനിന്ന് ബിരുദം നേടി. ഇന്ത്യയിൽ മടങ്ങിയെത്തി 1962-ൽ ടാറ്റ മോട്ടോഴ്‌സിന്റെ പഴയരൂപമായ ടെൽകോയിൽ ട്രെയിനിയായി ജോലിയിൽ പ്രവേശിച്ചു. 1974 ലാണ് ടാറ്റ സൺസിന്റെ ഡയറക്ടർ ബോർഡ് മെമ്പറാകുന്നത്.
1982 ൽ ടാറ്റ ഇൻഡസ്ട്രീസിന്റെ ചെയർമാനായി. 1986–89 വരെ എയർ ഇന്ത്യയുടെ ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്. 1991ലാണ് ജെആർഡി ടാറ്റയിൽ നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുക്കുന്നത്. 2012 വരെ 21 വർഷം ചെയർമാൻ സ്ഥാനത്ത് തുടർന്നു. ടാറ്റ സൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016-ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനത്തുനിന്ന് സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനെത്തുടർന്ന് ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017-ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതു വരെ ആ സ്ഥാനത്തു തുടർന്നു. ആറു ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളിൽ പടർന്നു കിടക്കുന്നതാണ് ടാറ്റയുടെ വ്യവസായ സാമ്രാജ്യം.
വ്യവസായ സാമ്രാജ്യം പടുത്തുയർത്തുന്നതിനൊപ്പം ജീവകാരുണ്യ രംഗത്തും രത്തൻ ടാറ്റ ശ്രദ്ധയൂന്നി. വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യത്തിനായി നീക്കിവച്ച രത്തൻ ടാറ്റ ഒട്ടേറെ ക്ഷേമപദ്ധതികൾ നടപ്പാക്കാൻ മുൻകയ്യെടുത്തു. മിത്‍സുബിഷി കോർപറേഷൻ, ജെപി മോർഗൻ ചേസ് തുടങ്ങിയവയുടെ ഉപദേശക സമിതികളിൽ അംഗമായിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവമായിരുന്ന രത്തൻ ടാറ്റയെ 13 മില്യൺ പേർ എക്സിലും പത്തുമില്ല്യൺ പേര്‍ ഇൻസ്റ്റഗ്രാമിലും ഫോളോ ചെയ്യുന്നുണ്ട്. വിവിധ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ച് രത്തൻ ടാറ്റയ്ക്ക് 2000 ല്‍ പത്മഭൂഷണും 2008 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates