ന്യൂഡല്‍ഹി: ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട സിഎസ്‌ഐആര്‍ നെറ്റ് ജൂണ്‍ ഫലം പ്രഖ്യാപിച്ചു. ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പോടെ ഗവേഷണ പഠനത്തിനും സര്‍വകലാശാലകളിലും കോളജുകളിലും ലക്ചര്‍ നിയമനത്തിനും ദേശീയതലത്തില്‍ യോഗ്യത നിര്‍ണയിക്കുന്നതാണ് പരീക്ഷ.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷയുടെ ഫലം ഔദ്യോഗിക വെബ്‌സൈറ്റ് ആയ csirhrdg.res.in ല്‍ നിന്ന് അറിയാം. സൈറ്റില്‍ കയറി കട്ട് ഓഫ് മാര്‍ക്കും യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ പട്ടികയും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
ജൂണ്‍ 25,26,27 തീയതികളിലായാണ് പരീക്ഷ നടന്നത്. കാറ്റഗറി ഒന്നില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെആര്‍എഫ്) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്കും മൊത്തം 1,963 ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത നേടി. 11 വിദ്യാര്‍ത്ഥികള്‍ ജെആര്‍എഫിന് മാത്രം യോഗ്യത നേടി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ജെആര്‍എഫ് സ്‌കീമിന് കീഴില്‍, 1,875 ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത നേടുകയും അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് കൂടി അര്‍ഹത നേടുകയും ചെയ്തു.
അസിസ്റ്റന്റ് പ്രൊഫസര്‍ഷിപ്പും പിഎച്ച്ഡി പ്രവേശനവും ഉള്‍ക്കൊള്ളുന്ന കാറ്റഗറി രണ്ടില്‍ 3,172 ഉദ്യോഗാര്‍ഥികള്‍ യോഗ്യത നേടി. 10,969 ഉദ്യോഗാര്‍ഥികള്‍ കാറ്റഗറി മൂന്നിന് കീഴിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചതായും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഇത് പ്രത്യേകമായി പിഎച്ച്ഡി പ്രവേശനത്തിനുള്ളതാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക