chief justice d y chandrachud
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പിടിഐ

'കോടതികളില്‍ നിന്നും ജനത്തിന് നീതി ലഭിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്'; ചീഫ് ജസ്റ്റിസിനെതിരെ കോണ്‍ഗ്രസ്

അയോധ്യ പ്രശ്നപരിഹാരത്തിനായി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചതായി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്
Published on

ന്യൂഡല്‍ഹി: അയോധ്യക്കേസില്‍ പ്രശ്‌നപരിഹാരത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിച്ചെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം. കോടതികളില്‍ നിന്നും ജനത്തിന് നീതി ലഭിക്കാനാണ് ചീഫ് ജസ്റ്റിസ് പ്രാര്‍ത്ഥിക്കേണ്ടത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഭരണഘടനയ്ക്കും നിയമപുസ്തകങ്ങള്‍ക്കും മുന്നിലാണ് ഇരിക്കേണ്ടതെന്ന് ആര്‍ജെഡിയും അഭിപ്രായപ്പെട്ടു.

സാമ്പത്തിക ബാധ്യതകളില്ലാതെ സാധാരണ പൗരന്മാര്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ടി ചീഫ് ജസ്റ്റിസ് പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍, അല്ലെങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), ആദായനികുതി വകുപ്പ് (ഐടി) തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തടയാന്‍ പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍ എന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് എക്‌സില്‍ കുറിച്ചു.

അയോധ്യ പ്രശ്നപരിഹാരത്തിനായി താന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചതായി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. മറ്റു പ്രശ്നങ്ങള്‍ക്കായും അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്നെങ്കില്‍, പണമില്ലാതെ ഒരു സാധാരണക്കാരന് ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതിയില്‍ നിന്നും നീതി ലഭിക്കുന്നതില്‍ പരിഹാരം ഉണ്ടായേനെ. ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയവയുടെ ദുരുപയോഗവും അവസാനിച്ചേനെ. ഉദിത് രാജ് കുറിച്ചു.

ജന്മനാടായ കൻഹെർസർ ഗ്രാമത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ് അയോധ്യ കേസിനിടെ പ്രശ്നപരിഹാരത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചതായി പറഞ്ഞത്. പല കേസുകളിലും ഒരു പരിഹാരം കണ്ടെത്താൻ ചിലപ്പോൾ ഒരു തീരുമാനത്തിലെത്താനാകാതെ വരും. മൂന്ന് മാസമായി എന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണ് ബാബറി മസ്ജിദ് - രാമജന്മഭൂമി തർക്കം. അതില്‍ ഒരു പരിഹാരത്തിനായി ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ഒരാൾക്ക് വിശ്വാസമുണ്ടെങ്കിൽ ദൈവം ഒരു വഴികാട്ടിയാകും. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. രാമജന്മഭൂമി കേസ് പരി​ഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ​ഗോ​ഗൊയ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും അം​ഗമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com