ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ വേദിയിലെത്തി വിജയ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് എത്തിയ വിജയിയെ കരഘോഷം മുഴക്കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. സമ്മേളന വേദിയില്‍ വിജയ് 19 പ്രമേയങ്ങള്‍ അവതരിപ്പിക്കും.
സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്.
5000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. വിജയ്യ്ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ തന്നെ വിജയ് വ്യക്തമാക്കിയതാണ്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക