Bank Robbery: വായ്പ ചോദിച്ചു, കിട്ടിയില്ല; 'മണി ഹീസ്റ്റ്' മാതൃകയില്‍ ബാങ്ക് കൊള്ള, 17 കിലോ സ്വര്‍ണം കവര്‍ന്നു, പ്രതികള്‍ പിടിയില്‍

മുഖ്യസൂത്രധാരനായ തമിഴ്നാട് മധുര സ്വദേശി വിജയ് കുമാര്‍ അടക്കമുള്ള ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.
Bank robbery in the style of 'Money Heist', 17 kg of gold stolen, accused arrested
പിടിച്ചെടുത്ത സ്വര്‍ണം
Updated on

ബംഗളൂരു: ക്രൈം ഡ്രാമയായ 'മണി ഹീസ്റ്റ്' മാതൃകയില്‍ ബാങ്ക് കൊള്ളയടിച്ച ബേക്കറിയുടമയും സംഘവും പിടിയില്‍. കര്‍ണാടകയിലെ ദാവണ്‍ഗരെ ജില്ലയിലെ ന്യാമതി എസ്ബിഐ ശാഖയില്‍ നിന്ന് 17 കിലോ സ്വര്‍ണം കവര്‍ന്ന മോഷ്ടാക്കളെ അഞ്ച് മാസത്തിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

മുഖ്യസൂത്രധാരനായ തമിഴ്നാട് മധുര സ്വദേശി വിജയ് കുമാര്‍ അടക്കമുള്ള ആറ് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. വിജയകുമാറിന് പുറമെ അജയ്കുമാര്‍, അവരുടെ ഭാര്യാ സഹോദരന്‍ പരമാനന്ദ, മൂന്ന് പ്രദേശ വാസികള്‍ എന്നിവരാണ് പിടിയിലായത്. വര്‍ഷങ്ങളായി ന്യാമതിയില്‍ മധുരപലഹാര വ്യാപാരം നടത്തിവരികയായിരുന്നു ഇവര്‍. വായ്പ നിരസിച്ചതിനെ തുടര്‍ന്നാണ് വിജയകുമാര്‍ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

2024 ഒക്ടോബര്‍ 26 ന് രാത്രിയില്‍ ബാങ്ക് കൊള്ളയടിച്ച ശേഷം, മധുരയിലെ ഫാംഹൗസില്‍ സ്വര്‍ണ്ണം കുഴിച്ചിടുകയായിരുന്നു. 17 കിലോ സ്വര്‍ണവും പൊലീസ് കണ്ടെടുത്തു. പ്രതികള്‍ ബാങ്ക് കവര്‍ച്ച ഡോക്യുമെന്ററികളും യൂട്യൂബ് വിഡിയോകളും കൂടാതെ ക്രൈം ഡ്രാമയായ ' മണി ഹീസ്റ്റ് ' 15 തവണ കണ്ടിട്ടുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തി.

ബേക്കറി ബിസിനസിനായി വിജയ് മുമ്പ് ബ്രാഞ്ചില്‍ 15 ലക്ഷം രൂപയുടെ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ സിബില്‍ സ്‌കോര്‍ കാരണം അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്ന് നിരാശനായ ഇയാള്‍ മോഷണം ആസൂത്രണം ചെയ്തുവെന്ന് ദാവണ്‍ഗരെ ഐജി രവികാന്തെ ഗൗഡ പറഞ്ഞു. ടിവി സീരീസുകളും യുട്യൂബ് ചാനലുകളും കണ്ട് ബാങ്ക് കൊള്ളയെപ്പറ്റി ആറുമാസത്തോളം പഠിച്ചശേഷമായിരുന്നു കവര്‍ച്ചയ്ക്കിറങ്ങിയത്. അന്തസ്സംസ്ഥാന സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസ് ആദ്യം കരുതിയത്. പ്രതികള്‍ ആരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ലെന്നതും അന്വേഷണത്തെ സങ്കീര്‍ണമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com