
കൊച്ചി: പാര്‍ലമെന്‍റിലെ വഖഫ് ബില്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. രാഹുല്‍ ഗാന്ധി യഥാര്‍ഥത്തില്‍ എവിടുത്തെ പ്രതിപക്ഷ നേതാവാണ്? ഫെയ്‌സ് ബുക്കിലെയോ അതോ ലോക്‌സഭയിലേതോ? എന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യം.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ പരിഗണിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ബില്ലുകളില്‍ ഒന്നാണ് വഖഫ് ബില്‍. അങ്ങനെയൊരു ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുമ്പോള്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൃത്യസമയത്ത് പങ്കെടുക്കേണ്ടിയിരുന്നില്ലേ എന്നാണ് ചോദ്യമുയരുന്നത്. കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടും വഖഫ് ബില്ലിലെ ചര്‍ച്ചയ്ക്കിടെ ഒരു സമയത്തും വയനാട് എംപി പ്രിയങ്ക ഗാന്ധിയും സഭയിലുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി പ്രിയങ്കയോട് വിശദീകരണം തേടിയോ എന്ന കാര്യം വ്യക്തമല്ല. ഈ വിഷയത്തില്‍ കോണ്‍ഗ്രസും പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധി വഖഫ് ബില്‍ ചര്‍ച്ച നടക്കുന്നതിനിടെ ലോക്സഭയില്‍ എത്തിയെങ്കിലും പങ്കെടുത്തിരുന്നില്ല.
'നിര്‍ണായക ചരിത്രസന്ദര്‍ഭത്തില്‍ സഭയില്‍ നിന്ന് വിട്ട നിന്ന ഈ നേതാക്കളുടെ പുറത്താണോ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ ഇനിയും പ്രതിക്ഷ വെക്കേണ്ടത്' മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കടുത്ത രാഷ്ട്രീയപ്പോരിനൊടുവിലാണ് വഖഫ് ബില്‍ ലോക്സഭ കടന്നത്. 283 അംഗങ്ങള്‍ ബില്ലിനെ അനുകൂലിച്ചു. ടിഡിപി, ജെഡിയു, എല്‍ജെപി, ആര്‍എല്‍ഡി ഉള്‍പ്പെടെയുള്ള എന്‍ഡിഎ ഘടകകക്ഷികള്‍ ബില്ലിനെ പിന്തുണച്ചു. 232എംപിമാര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ബില്ലിനെ പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കി മധുരയിലെത്തിയിരുന്ന സിപിഎം അംഗങ്ങള്‍ മടങ്ങിയെത്തി ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തി. ചര്‍ച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജുവും മറുപടി നല്‍കി. പ്രതിപക്ഷഅംഗങ്ങള്‍ അവതരിപ്പിച്ച ഭേദഗതികളെല്ലാം തള്ളി. ജെപിസി നേരത്തേ ശുപാര്‍ശചെയ്ത 14 ഭേദഗതികള്‍ സര്‍ക്കാര്‍ നിര്‍ദേശമായി ഉള്‍പ്പെടുത്തിയാണ് ബില്‍ പാസാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക