

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എംപിയും ലോക്‌സഭയിലെ കോണ്‍ഗ്രസ് വിപ്പുമായ മുഹമ്മദ് ജാവേദാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25, 26, 29, 300എ എന്നിവ ബില്‍ ലംഘിക്കുന്നുവെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
ഇരുസഭകളിലും പാസായ ബില്ല് രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ വൈകാതെ നിയമമാകും. വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്നും മതസ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റമെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക് നീങ്ങിയത്. ഭൂരിപക്ഷമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ ഒരു മതവിഭാഗത്തെ ഒറ്റപ്പെടുത്തി നടത്തിയ നീക്കമാണെന്നും നിയമ വിദഗ്ധരുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും നേതൃത്വം അറിയിച്ചു.
ബില്ലിനെ പ്രധാനമന്ത്രിയും അമിത് ഷായും വാനോളം പുകഴ്ത്തി. സുതാര്യതയില്ലായ്മയുടെ പര്യായമായിരുന്നു ഇതുവരെ വഖഫ് ബോര്‍ഡുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. അഴിമതിയുടെ കാലം അവസാനിച്ചെന്നും, വഖഫ് ബോര്‍ഡുകളും, ട്രിബ്യൂണലുകളും സുതാര്യമാകുമെന്നും അമിത്ഷാ അവകാശപ്പെട്ടു. അടിച്ചേല്‍പിച്ച ബില്ലെന്ന് സോണിയ ഗാന്ധി വിമര്‍ശിച്ചു. ഇതിനിതെ ഭരണപക്ഷം ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിച്ചു. എത്രയോ മണിക്കൂറുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കിയാതാണെന്നും സോണിയയുടെ പരാമര്‍ശം പാര്‍ലമെന്റ് മര്യാദക്ക് നിരക്കുന്നതല്ലെന്നും സ്പീക്കര്‍ ഓംബിര്‍ല കുറ്റപ്പെടുത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
