

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി ബില്ലിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കും. ഭരണഘടനാ വിരുദ്ധമായ ബില്ലിനെ നിയമപരമായി നേരിടും. ഉടന്‍ തന്നെ നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു. വഖഫ് ബില്ലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കുമെന്ന് ഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.
കോണ്‍ഗ്രസ് മുന്‍കാലത്ത് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതിന്റെ പട്ടികയും ജയ്‌റാം രമേശ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. 2005 ലെ വിവരാവകാശ നിയമ ഭേദഗതി, തെരഞ്ഞെടുപ്പ് പരിഷ്‌കരണം (2024), 1991 ലെ ആരാധനാലയ നിയമത്തിലെ ഇടപെടല്‍ തുടങ്ങിയവക്കെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഭരണഘടനയുടെ അന്തസത്തക്കെതിരായ മോദി സര്‍ക്കാരിന്റെ എല്ലാ കടന്നാക്രമണങ്ങളെയും കോണ്‍ഗ്രസ് ആത്മവിശ്വാസത്തോടെ ചെറുക്കുമെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
ഡിഎംകെയും മുസ്ലിം ലീഗും അടുത്ത ആഴ്ച സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്നാണ് സൂചന. വഖഫ് നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ തമിഴ് നാട് സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. ഭരണഘടന വിദഗ്ധരില്‍ നിന്ന് ലഭിക്കുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും ഡിഎംകെ സര്‍ക്കാര്‍ തുടർ നടപടികള്‍ സ്വീകരിക്കുക. പാര്‍ട്ടിയുടെ രാജ്യസഭാ അംഗവും അഭിഭാഷകനുമായ ഹാരിസ് ബീരാനെയാണ് കേസ് നടത്തിപ്പിന്റെ ഏകോപനത്തിന് മുസ്ലിം ലീഗ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ലോക്‌സഭയും രാജ്യസഭയും വഖഫ് ഭേദഗതി ബില്‍ പാസ്സാക്കിയത്. ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. രാജ്യസഭയിൽ 12 മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ നടന്ന വോട്ടെടുപ്പിൽ 95 നെതിരെ 128 എംപിമാരുടെ പിന്തുണയോടെയാണ് ബിൽ പാസ്സായത്. പാർലമെന്റ് പാസാക്കിയ ബിൽ രാഷ്ട്രപതി അംഗീകരിക്കുന്നതോടെ നിയമമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates