
മധുര: സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് നാളെ അവസാനിക്കാനിരിക്കെ ഒരു ദശാബ്ദം മുന്‍പ് നടന്ന വിശാഖപട്ടണം ആവര്‍ത്തിക്കുമോ എന്ന ആകാംക്ഷയിലാണ് ഏവരും.
ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടത് 2015ല്‍ വിശാഖപട്ടണത്തു നടന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ആണ്. പാര്‍ട്ടി ചരിത്രത്തില്‍ തന്നെ ഏറ്റവും അപൂര്‍വമായ മത്സര മുഹൂര്‍ത്തങ്ങള്‍ക്ക് വിശാഖപട്ടണം സാക്ഷ്യം വഹിച്ചിരുന്നു. അന്ന് സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ടിന്റെ പിന്തുണയോടെ കേരളഘടകം മുന്നോട്ടുവച്ചത് എസ് രാമചന്ദ്രന്‍ പിള്ളയുടെ പേരായിരുന്നു. എന്നാല്‍ അന്ന് ശക്തമായിരുന്ന പശ്ചിമബംഗാള്‍ ഘടകവും മറ്റ് പല പാര്‍ട്ടി ഘടകങ്ങളും എസ്ആര്‍പിയേക്കാള്‍ ഏതാണ്ട് 15 വയസ്സിന് ഇളപ്പമുള്ള സീതാറാം യെച്ചൂരിയയാണ് പിന്തുണച്ചത്.
ഒരുപക്ഷേ പാര്‍ട്ടിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിന് മുന്‍പ് തന്നെ ഒരു നേതാവ് പരസ്യമായി പിന്തുണ അറിയിച്ചതും വിശാഖപട്ടണത്താണ്. പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നതിന് ഒരു ദിവസം മുന്‍പ് തന്നെ യെച്ചൂരിക്ക് പരസ്യ പിന്തുണ അറിയിച്ചു, വിഎസ് അച്യുതാനന്ദന്‍.
വിഎസ് - പിണറായിപ്പോര് അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തി നില്‍ക്കുന്ന സന്ദര്‍ഭമായിരുന്നു ഇത്. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ പാര്‍ട്ടി വിരുദ്ധ മനോഭാവമുള്ളയാള്‍ എന്ന് പിണറായി വിശേഷിപ്പിച്ചതിന് ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പിണറായി വിജയത്തെ ഏത് വിധേനയും പരാജയപ്പെടുത്താന്‍ കച്ചകെട്ടി മുന്‍പില്‍ നിന്നു വിഎസ്. അതുകൊണ്ടുതന്നെ ആകണം പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിധം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന രണ്ടുപേരില്‍ ഒരാള്‍ക്ക് പരസ്യമായി വിഎസ് ആശംസകള്‍ നേര്‍ന്നതും. പൊതുവില്‍ മിതഭാഷയും ശാന്തശീലനുമായ രാമചന്ദ്രന്‍ പിള്ള പത്ര സമ്മേളനത്തില്‍ ക്ഷുഭിതനായി പ്രതികരിച്ചതും ഇവിടെയാണ്.
വിശാഖപട്ടണം കോണ്‍ഗ്രസില്‍ കേരളം ഒരുവശത്തും പശ്ചിമബംഗാള്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ത്രിപുര തുടങ്ങിയ സംസ്ഥാന ഘടകങ്ങള്‍ മറുവശത്തുമായാണ് രാമചന്ദ്രന്‍ പിള്ളയ്ക്കും യെച്ചൂരിക്കും വേണ്ടി പരസ്യമായി രംഗത്തിറങ്ങിയത്. ഒടുവില്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട് പൊളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷം ഉണ്ടായിരുന്ന എസ് രാമചന്ദ്രന്‍ പിള്ളയെ പിന്തള്ളി യെച്ചൂരി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തി.
പാര്‍ട്ടി സമ്മേളനം സമാപിക്കുന്നതിന് തലേരാത്രി വരെ സെക്രട്ടറി സ്ഥാനത്തില്‍ തീരുമാനത്തിലെത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. ഒടുവില്‍ ഒരു തുറന്ന മത്സരവും രഹസ്യ ബാലറ്റും നടന്നേക്കുമെന്ന് തോന്നിക്കുന്ന സാഹചര്യത്തിലാണ് യെച്ചൂരി തെരഞ്ഞെടുക്കപ്പെടുന്നത്. തുടക്കത്തില്‍ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഭൂരിപക്ഷം ഉണ്ടായിരുന്ന എസ്ആര്‍പി അവസാന നിമിഷം മത്സരം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടതോടെ യെച്ചൂരിക്ക് അനുകൂലമാണ് പൊതുവികാരം എന്ന് മനസ്സിലാക്കി എസ് ആര്‍ പി പിന്മാറുകയായിരുന്നു. ദേശീയതലത്തില്‍ അറിയപ്പെടുന്ന നേതാവ്, ഹിന്ദി സംസാരിക്കാന്‍ കഴിയുന്നയാള്‍ തുടങ്ങിയ യോഗ്യതകള്‍ തന്നെയാണ് അന്ന് പശ്ചിമബംഗാള്‍ ഘടകം യെച്ചൂരിക്ക് അനുകൂലമായി ചൂണ്ടിക്കാട്ടിയത്. പൊതുവില്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്ന എസ്ആര്‍പി മത്സര രംഗത്തേക്ക് വരുന്നത് കേരള ഘടകത്തിന്റെ പിന്തുണ കൊണ്ട് മാത്രമാണ്.
പാര്‍ട്ടിയിലെ പൊതുവികാരം യെച്ചൂരിക്ക് അനുകൂലമാണെന്ന് മനസ്സിലാക്കി, ശരിയായ കമ്മ്യൂണിസ്റ്റ് സ്പിരിറ്റോടെ യെച്ചൂരിയുടെ പേര് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് പാര്‍ട്ടിയില്‍ അന്ന് കേരള ഘടകത്തിന് വേണ്ടി മുന്നിട്ടുനിന്ന പ്രകാശ് കാരാട്ട് തന്നെയാണ്. യെച്ചൂരിയുടെ പേരിന് എസ് ആര്‍ പി കൂടി പിന്തുണച്ചതോടെ സിപിഎമ്മിന് പുതിയൊരു ചരിത്രമായി.
ഒരു ദശാബ്ദത്തിനിപ്പുറം മധുരയില്‍ മറ്റൊരു പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുമ്പോള്‍ പാര്‍ട്ടിക്ക് പഴയ പ്രൗഢിയില്ല. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് യെച്ചൂരിയും എസ്ആര്‍പിയും ഏറ്റുമുട്ടിയ വീറും വാശിയും ഇപ്പോഴില്ല. പശ്ചിമബംഗാള്‍ ഘടകം ദുര്‍ബലമാണ്. പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ ഘടകമായി കേരളം മാറിക്കഴിഞ്ഞു. പിണറായി മുന്നില്‍ നിന്നാണ് നയിക്കുന്നതെങ്കിലും ഒരു മത്സരബുദ്ധി എവിടെയുമില്ല. ബേബിയോ ധാവ്‌ളയോ എന്ന ആകാംക്ഷയ്ക്കപ്പുറം പാര്‍ട്ടി ഒരു ഏറ്റുമുട്ടലിനും ഇല്ല. ചരിത്രം ആവര്‍ത്തിക്കില്ലെന്ന് ചുരുക്കം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക