Tahawwur Rana: തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയിലെത്തിക്കും; നീക്കങ്ങള്‍ അതീവ രഹസ്യം, മുംബൈയിലും ഡല്‍ഹിയിലും സെല്ലുകള്‍ സജ്ജം

ഇന്ത്യയില്‍ എത്തിക്കുന്ന റാണ കുറച്ച് ആഴ്ചകള്‍ എങ്കിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ)യുടെ കസ്റ്റഡിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
Tahawwur Rana
തഹാവൂര്‍ റാണഫയൽ
Updated on

ന്യൂഡല്‍ഹി: 26 /11 മുംബൈ ഭീകരാക്രണകേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് തഹാവൂര്‍ റാണ സമർപ്പിച്ച ഹർജി യു എസ് സുപ്രീം കോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാണയെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. തഹാവൂര്‍ റാണയെ പാര്‍പ്പിക്കുന്നതിനായി രാജ്യത്തെ രണ്ട് ജയിലുകളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹി തീഹാര്‍ ജയിലിലും മുംബെയിലെ ജയിലിലുമാണ് റാണയ്ക്കായുള്ള പ്രത്യേക സെല്ലുള്‍പ്പെടെ സജ്ജമാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ എത്തിക്കുന്ന റാണ കുറച്ച് ആഴ്ചകള്‍ എങ്കിലും ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ)യുടെ കസ്റ്റഡിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് റാണയെ ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് പാക് - കനേഡിയന്‍ പൗരനും ലഷ്‌കര്‍ ഇ ത്വയ്ബയിലെ അംഗവുമായ തഹാവൂര്‍ റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു എസ് പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്കൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് റാണയ്‌ക്കെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്ന കേസ്.

ആഡംബര ഹോട്ടലുകള്‍, റെയില്‍വേ സ്റ്റേഷന്‍, മുംബൈയിലെ ഒരു ജൂതകേന്ദ്രം എന്നിവിടങ്ങളില്‍ മൂന്ന് ദിവസങ്ങളായി നടന്ന 26 /11 മുംബൈ ഭീകരാക്രണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2011 ലാണ് തഹാവൂര്‍ റാണ ഭീകരാക്രമണത്തില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കേസില്‍ 13 കൊല്ലത്തെ ജയില്‍ശിക്ഷ ലഭിച്ച റാണ ലോസ് ആഞ്ജിലിസിലെ മെട്രോപോളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞുവരികയായിരുന്നു.

റാണയെ ഇന്ത്യക്ക് കൈമാറുന്നതിന് യുഎസ് പ്രസിഡന്റ് അനുമതി നല്‍കിയിരുന്നു. ജനുവരിയില്‍ സുപ്രീംകോടതി റാണയുടെ പുനഃപരിശോധനാഹര്‍ജി തള്ളിയതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇതേത്തുടര്‍ന്ന് ഈ ഉത്തരവ് സ്റ്റേചെയ്യണമെന്നാവശ്യപ്പട്ട് റാണ സമര്‍പ്പിച്ച അടിയന്തര അപേക്ഷ യുഎസ് സുപ്രീംകോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. പാകിസ്താനില്‍ ജനിച്ച മുസ്ലിം ആണ് താനെന്നും ഇന്ത്യയില്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുമെന്നും ആരോപിച്ചായിരുന്നു റാണ സുപ്രീം കോടതിയെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com