
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറി. തഹാവൂര്‍ റാണയുമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രാവിലെയോടെ രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തഹാവൂര്‍ റാണയെ ഇന്ത്യന്‍ സംഘത്തിനു കൈമാറിയെന്നു യുഎസ് അറിയിച്ചു.
ഇന്ത്യയ്ക്കു കൈമാറുന്നതു സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണു ഇന്ത്യ നടപടികള്‍ വേഗത്തിലാക്കിയത്. പാകിസ്ഥാന്‍ വംശജനും കനേഡിയന്‍ പൗരനുമായ തഹാവൂര്‍ റാണ ലൊസാഞ്ചല്‍സിലെ തടങ്കല്‍ കേന്ദ്രത്തിലാണ് കഴിഞ്ഞിരുന്നത്. അസുഖബാധിതനാണെന്നും ഇന്ത്യയ്ക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മാര്‍ച്ചില്‍ തഹാവൂര്‍ റാണ നല്‍കിയ അപേക്ഷ യുഎസ് സുപ്രീംകോടതി നിരസിച്ചിരുന്നു.
തന്റെ ദേശീയ, മത, സാംസ്‌കാരിക വ്യക്തിത്വം എന്നിവയുടെ പേരില്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാനും കൊലചെയ്യപ്പെടാനും സാധ്യതയുണ്ടെന്നാണ് അപേക്ഷയില്‍ പറഞ്ഞിരുന്നത്. 2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകനില്‍ ഒരാളായ പാക്-യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയുമായി റാണയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക