Tahawwur Rana: സെല്ലിലേക്ക് പ്രവേശനം 12 പേര്‍ക്ക് മാത്രം; അതീവ സുരക്ഷ; തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുന്നവരില്‍ കസബിനെ നേരിട്ട ഉദ്യോഗസ്ഥനും

എന്‍ഐഎ മേധാവി സദാനന്ദ് ദാതേ, ഐജി ആശിഷ് ബത്ര, ഡിഐജി ജയ റോയ് എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Tahawwur Rana
റാണയെ ഡല്‍ഹിയിലെത്തിച്ചപ്പോള്‍
Updated on

ന്യൂഡല്‍ഹി: രാജ്യത്തെത്തിച്ച മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുക പന്ത്രണ്ടംഗ എന്‍ഐഎ സംഘം. എന്‍ഐഎ മേധാവി, രണ്ട് ഐജിമാര്‍, ഒരു ഡിഐജി, ഒരു എസ്പി ഉള്‍പ്പടെ പന്ത്രണ്ട് അംഗങ്ങളാണ് ചോദ്യം ചെയ്യുന്ന ഉന്നതതല സംഘത്തിലുള്ളത്. ഇവര്‍ക്ക് മാത്രമേ റാണയെ പാര്‍പ്പിക്കുന്ന സെല്ലിലേക്ക് പ്രവേശനമുള്ളു.

എന്‍ഐഎ മേധാവി സദാനന്ദ് ദാതേ, ഐജി ആശിഷ് ബത്ര, ഡിഐജി ജയ റോയ് എന്നിവര്‍ അതില്‍ ഉള്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മറ്റാര്‍ക്കെങ്കിലും റാണയെ സന്ദര്‍ശിക്കണമെങ്കില്‍ അതിന് മുന്‍കൂട്ടി അനുമതി ആവശ്യമാണ്. എന്‍ഐഎ മേധാവിയായ സദാനന്ദ് ദാതേ 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് 2008-ലെ മുംബൈ ഭീകരാക്രമണ സൂത്രധാരന്‍മാരായ അജ്മല്‍ കസബിനെയും ഇസ്മയലിനെയും ധീരമായി നേരിട്ട ഉദ്യോഗസ്ഥന്‍ കൂടിയാണ്. അതിനിടെ അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം റാണയെ യുഎസില്‍ നിന്ന് രാജ്യത്തെത്തിക്കുന്നതില്‍ നിര്‍ണായകപങ്കാണ് അദ്ദേഹം വഹിച്ചത്.

ചോദ്യം ചെയ്യലിനിടെ, മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണസംഘം കണ്ടെത്തിയ നിര്‍ണായക തെളിവുകള്‍ റാണയെ കാണിക്കും. റെക്കോര്‍ഡുചെയ്ത ശബ്ദ സാമ്പിളുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഇമെയിലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡേവിഡ് ഹെഡ്ലിയുമായുള്ള റാണയുടെ ബന്ധം, പാകിസ്ഥാന്‍ സൈന്യവുമായും ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സുമായും (ഐഎസ്ഐ) റാണയ്ക്കുള്ള ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തിക്കാന്‍ ഈ തെളിവുകള്‍ നിര്‍ണായക പങ്കുവഹിക്കും.

2008 ലെ മുംബൈ ആക്രമണത്തിന്റെ മറ്റാരു സൂത്രധാരനായ പാകിസ്ഥാന്‍ ഭീകരന്‍ സാജിദ് മിറുമായുള്ള ആശയവിനിമയത്തെക്കുറിച്ചുള്ള വിശദാംശങ്ങളും തേടും. ആ സമയത്ത് സാജിദ് മിര്‍ രാജ്യത്തുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com