

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഫ് ബോര്‍ഡ് നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ വ്യാപക അക്രമം. മുര്‍ഷിദാബാദ് ജില്ലയില്‍ ഉണ്ടായ ആക്രമങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാംസര്‍ഗഞ്ച് പ്രദേശത്തെ ജാഫ്രാബാദിലാണ് അച്ഛനെയും മകനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒന്നിലധികം കുത്തേറ്റ നിലയില്‍ വിടിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത് എന്ന് ഐപിഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിട്ടിനുള്ളില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ രണ്ട് പേരെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ വീട് കൊള്ളയടിച്ച് ഇരുവരെയും കുത്തികൊലപ്പെടുത്തുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
വഖഫ് (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മുര്‍ഷിദാബാദിലെ സുതി, സാംസര്‍ഗഞ്ച് പ്രദേശങ്ങളില്‍ നിന്ന് വെള്ളിയാഴ്ച വലിയ തോതിലുള്ള അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. അക്രമങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 118 പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. സാംസര്‍ഗഞ്ച് ബ്ലോക്കിലെ ധുലിയനില്‍ ഇന്നലെ രാവിലെ നടന്ന മറ്റൊരു സംഭവത്തില്‍ ഒരാള്‍ക്ക് വെടിയേറ്റതായും ഉദ്യോഗസ്ഥര്‍ പറയുന്നു. വെള്ളിയാഴ്ച ഉണ്ടായ പോലീസ് വെടിവയ്പ്പില്‍ ആണ് മറ്റൊരാൾ മരിച്ചത്.
മുര്‍ഷിദാബാദില്‍ തുടങ്ങിയ ആക്രമങ്ങള്‍ സംസ്ഥാനത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ജാന്‍ഗിപൂരില്‍ പ്രതിഷേധക്കാര്‍ പൊലീസ് വാഹനം അഗ്നിക്കിരയാക്കി. നിരവധി വാഹനങ്ങള്‍ക്ക് തീയിട്ട അക്രമികള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഖലിലൂര്‍ റഹ്മാന്റെ ഓഫീസും തകര്‍ത്തു.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ മുര്‍ഷിദാബാദില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരിയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നിര്‍ദേശം.
അതിനിടെ, സംസ്ഥാനത്തെ അക്രമങ്ങളില്‍ രാഷ്ട്രീയ ആരോപണം പ്രത്യാരോപണങ്ങളും സജീവമാണ്. വഖഫ് നിയമത്തിന്റെ പേരില്‍ രാജ്യത്തുടനീളം വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്‍ രംഗത്തെത്തി. 'പാര്‍ലമെന്റില്‍ രാത്രിയില്‍ ബിജെപി വഖഫ് ബില്‍ പാസാക്കി. അതിനുശേഷം, വിവിധ സംസ്ഥാനങ്ങളില്‍ വര്‍ഗീയതയുടെ തീ ആളിക്കത്തിക്കുന്ന തിരക്കിലാണ് അവര്‍. ഇതാണ് ബിജെപി-ആര്‍എസ്എസ് ക്ലാസിക് പ്ലേബുക്ക്.' , രാജ്യസഭയിലെ ടിഎംസി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കൂടിയായ ഡെറിക് ഒബ്രിയാന്‍ എക്‌സ് പോസ്റ്റില്‍ ആരോപിച്ചു. മാധ്യമങ്ങളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളെ വില്ലന്‍മാരായി ചിത്രീകരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കേന്ദ്ര സര്‍ക്കാരിന് എതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് മമത ബാനര്‍ജിയുടെ പ്രതികരണം. 'ഒരു അക്രമ പ്രവര്‍ത്തനത്തെയും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നു. അവരുടെ പ്രേരണയ്ക്ക് വഴങ്ങരുത്. മതം എന്നാല്‍ മനുഷ്യത്വം, സത്സ്വഭാവം, ഐക്യം എന്നിവയാണെന്ന്. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു,' എന്നും മമത എക്‌സ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates