
ന്യൂഡല്‍ഹി: ഗുജറാത്തില്‍ 1800 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഏതാണ്ട് 300 കിലോഗ്രാം മെത്താഫെറ്റമിന്‍ പിടികൂടിയത്. ഗുജറാത്ത് തീരത്തിന് അടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി രേഖയില്‍ (ഐഎംബിഎല്‍) നിന്നായിരുന്നു രാജ്യത്തെ തന്നെ വലിയ മയക്കുമരുന്ന് വേട്ട നടന്നത്.
കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടതോടെ ലഹരിക്കടത്ത് സംഘം മയക്കുമരുന്ന് ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. കണ്ടെടുത്ത ലഹരി മരുന്ന് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 'മയക്കുമരുന്ന് രഹിത ഭാരതം' എന്ന പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷനിലാണ് ലഹരിമരുന്ന് പിടികൂടിയത്.
ഗുജറാത്ത് എടിഎസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, മാരിടൈം ബൗണ്ടറി രേഖയ്ക്കു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ ബോട്ട് നിർത്തിയിട്ടിരിക്കുന്നതുകണ്ടാണ് കോസ്റ്റ് ഗാർഡ് പരിശോധനയ്ക്കെത്തിയത്. അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് ഈ ചരക്ക് വന്നതെന്നും ഒരു മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യന്‍ തീരങ്ങളിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും അധികൃതര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക