
ചണ്ഡിഗഡ്: പതിനാലുവര്‍ഷമാണ് ഹരിയാനയിലെ കൈതലില്‍ നിന്നുള്ള രാംപാല്‍ കശ്യപ് നഗ്നപാദനായി നടന്നത്. അതിന് അദ്ദേഹത്തിന് കാരണങ്ങളുമുണ്ടായിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുമുട്ടിയതോടെ തന്റെ പ്രതിജ്ഞ നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം. പ്രിയപ്പെട്ട ആരാധകനായ കശ്യപിന് മോദി ഷൂസ് സമ്മാനിക്കുകയും ചെയ്തു.
നരേന്ദ്രമോദി രാജ്യത്തെ പ്രധാനമന്ത്രിയായ ശേഷമേ താന്‍ ഷൂസ് ധരിക്കു എന്നായിരുന്നു കശ്യപിന്റെ പ്രതിജ്ഞ. 2014 ല്‍ മോദി പ്രധാനമന്ത്രിയായെങ്കിലും, അദ്ദേഹത്തെ നേരില്‍ കാണുംവരെ പ്രതിജ്ഞ തുടരുമെന്ന് കശ്യപ് പറഞ്ഞിരുന്നു. ഇന്നലെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടതോടെ കശ്യപിന്റെ ആഗ്രഹങ്ങളെല്ലാം സഫലമായി.
സഹോദരാ, എന്തിനാണ് ഇത്രയും കാലം ഇങ്ങനെ ചെയ്തതെന്നായിരുന്നു കശ്യപിനോട് മോദി ചോദിച്ചത്. 'രാംപാല്‍ജിയെപ്പോലുള്ളവര്‍ എന്നെ വിനയാന്വിതനാക്കുന്നു. ഇത്തരം പ്രതിജ്ഞകള്‍ എടുക്കുന്ന ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്; നിങ്ങളുടെ സ്‌നേഹം ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനവുമായും രാഷ്ട്രനിര്‍മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ!'- മോദി പറഞ്ഞു.
ബിജെപി പ്രവര്‍ത്തകനായ കൈതല്‍ ജില്ലക്കാരനായ കശ്യപ് മോദിയുടെ കടുത്ത ആരാധകനാണ്. ഒരു നേതാവെന്ന നിലയില്‍ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ മോദിക്ക് മാത്രമെ കഴിയുകയുള്ളുവെന്നായിരുന്നു കശ്യപിന്റെ ഉറച്ചവിശ്വാസം. ഹരിയാനയിലെ ഹിസാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് പ്രധാമന്ത്രി രാംപാല്‍ കശ്യപിനെ കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക