

ന്യൂഡല്‍ഹി: വരുന്ന മണ്‍സൂണില്‍ ഇന്ത്യയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സാധാരണയേക്കാള്‍ കുറവ് മഴ ലഭിക്കാന്‍ കാരണമായ എല്‍ നിനോ സാഹചര്യം ഇത്തവണ ഉണ്ടാവില്ലെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാല് മാസത്തെ മണ്‍സൂണ്‍ സീസണില്‍ ഇന്ത്യയില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ദീര്‍ഘകാല ശരാശരിയായ 87 സെന്റിമീറ്ററിന്റെ 105 ശതമാനം വരെ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മേധാവി മൃത്തുഞ്ജയ മൊഹപാത്ര വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മണ്‍സൂണ്‍ മഴയ്ക്ക് കാരണമാകുന്ന എല്‍ നിനോ സാഹചര്യം ഇത്തവണ ഉണ്ടാവാന്‍ സാധ്യതയില്ല. അതേസമയം തമിഴ്നാടിന്റെയും വടക്കുകിഴക്കന്‍ മേഖലയുടെയും വലിയ ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കുറഞ്ഞ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മറാത്ത്വാഡയിലെയും തൊട്ടടുത്തുള്ള തെലങ്കാനയിലെയും മഴക്കുറവുള്ള ഭാഗങ്ങളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍. സാധാരണ മഴയ്ക്ക് 30 ശതമാനം സാധ്യതയും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ 33 ശതമാനം സാധ്യതയും മണ്‍സൂണ്‍ സീസണില്‍ അധിക മഴ ലഭിക്കാന്‍ 26 ശതമാനം സാധ്യതയുമുണ്ടെന്നും മൃത്തുഞ്ജയ മൊഹപാത്ര പറഞ്ഞു. 50 വര്‍ഷത്തെ ശരാശരിയായ 87 സെന്റിമീറ്ററിന്റെ 96 ശതമാനത്തിനും 104 ശതമാനത്തിനും ഇടയിലുള്ള മഴയെയാണ് സാധാരണ മഴയായി കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.
ദീര്‍ഘകാല ശരാശരിയുടെ 90 ശതമാനത്തില്‍ താഴെയുള്ള മഴയെ കുറവായാണ് കണക്കാക്കുന്നത്. 105 ശതമാനത്തിനും 110 ശതമാനത്തിനും ഇടയില്‍ പെയ്യുന്ന മഴയെ 'സാധാരണയില്‍ കൂടുതല്‍' ആയാണ് കാണുന്നത്. 110 ശതമാനത്തില്‍ കൂടുതല്‍ 'അധിക' മഴയായും കണക്കാക്കപ്പെടുന്നു. ജമ്മു കശ്മീര്‍, ലഡാക്ക്, തമിഴ്നാട്, ബിഹാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ മണ്‍സൂണ്‍ കാലത്ത് സാധാരണയില്‍ താഴെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡിഷ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളുടെ പ്രധാന ഭാഗങ്ങളില്‍ സാധാരണ മുതല്‍ സാധാരണയില്‍ കൂടുതല്‍ വരെ മഴ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates