നവജാത ശിശുക്കളെ കടത്തിയാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണം: കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു
Supreme Court
സുപ്രീം കോടതിഫയല്‍
Updated on

ന്യൂഡല്‍ഹി: നവജാത ശിശുക്കളെ ആശുപത്രികളില്‍ നിന്നും കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി. കുട്ടികളെ കടത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അലഹാബാദ് ഹൈക്കോടതിയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു.

നവജാത ശിശുക്കളെ കടത്തിയാല്‍ ആശുപത്രികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകളില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കീഴ്‌ക്കോടതികളോട് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കുട്ടികളെ കടത്തുന്ന കേസുകളില്‍ തീര്‍പ്പാക്കാത്ത വിചാരണയുടെ സ്ഥിതി അറിയിക്കാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ കേസുകളില്‍ ദിനംപ്രതി വിചാരണ നടത്തി ഉടന്‍ തീര്‍പ്പാക്കണം. ഇതിനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ച ദമ്പതികള്‍ക്കായി, നവജാതശിശുവിനെ കടത്തിയെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേസ് ഉദാസീനതയോടെയാണ് അലഹാബാദ് ഹൈക്കോടതി കൈകാര്യം ചെയ്തതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.

ഈ പ്രതികള്‍ സമൂഹത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജാമ്യം അനുവദിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞത് എല്ലാ ആഴ്ചയും പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന നിബന്ധനയെങ്കിലും ഹൈക്കോടതി വെക്കണമായിരുന്നു. അങ്ങനെ ചെയ്യാതിരുന്നത് മൂലം പ്രതികളെക്കുറിച്ചുള്ള വിവരം പൊലീസിന് നഷ്ടമായി. ഹൈക്കോടതി വിധിക്കെതിരെ യുപി സര്‍ക്കാര്‍ എന്തുകൊണ്ട് അപ്പീല്‍ നല്‍കിയില്ലെന്ന് സുപ്രീംകോടതി ചോദിച്ചു. സര്‍ക്കാര്‍ അര്‍ഹിക്കുന്ന ഗൗരവം കാണിച്ചില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാടില്‍ നിരാശയുണ്ടെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com