'ഇത് മോദിയോട് പോയി പറയൂ'; പഹല്‍ഗാമില്‍ ഭര്‍ത്താവിനെ വെടിവെച്ചു കൊന്ന ശേഷം അക്രമി പറഞ്ഞു; ഭീകരാക്രമണ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് പല്ലവി

ശിവമോഗ സ്വദേശി മഞ്ജുനാഥ റാവു ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കുന്നതിനായാണ് മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്.
manjunath
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണാടക സ്വദേശി
Updated on
2 min read

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ കര്‍ണാടക സ്വദേശിയും. ശിവമോഗ സ്വദേശി മഞ്ജുനാഥ് റാവു ആണ് മരിച്ചത്. അവധിക്കാലം ആഘോഷിക്കുന്നതിനായാണ് മഞ്ജുനാഥും കുടുംബവും കശ്മീരിലെത്തിയത്. ആക്രമണം നേരിട്ട നിമിഷങ്ങള്‍ ഭാര്യ പല്ലവി പറയുന്നത് ഇങ്ങനെ; 'ഞങ്ങള്‍ മൂന്ന് പേര്‍ - ഞാനും എന്റെ ഭര്‍ത്താവും മകനും കശ്മീരിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെയാണ് ആക്രമം ഉണ്ടായത്. ആ സമയത്ത് ഞങ്ങള്‍ പഹല്‍ഗാമിലായിരുന്നു. എന്റെ കണ്‍മുന്നില്‍ വെച്ച് അദ്ദേഹത്തിന് വെടിയേറ്റു. സംഭവസ്ഥലത്ത് തന്നെ മരിച്ചു,' പല്ലവി പറഞ്ഞു.

നാട്ടുകാരാണ് തങ്ങളെ സഹായിച്ചതെന്നും പല്ലവി പറയുന്നു. അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'മൂന്നോ നാലോ പേര്‍ ഞങ്ങളെ ആക്രമിച്ചു. ഞാന്‍ അവരോട് പറഞ്ഞു; എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നു. നിങ്ങള്‍ എന്നെയും കൊല്ലൂ, അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു, 'ഞാന്‍ നിങ്ങളെ കൊല്ലില്ല. പോയി മോദിയോട് ഇത് പറയൂ'. പല്ലവി പറഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം എത്രയും വേഗം ശിവമോഗയിലേക്ക് കൊണ്ടുവരണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഭീകരാക്രമണത്തെ അപലപിച്ചു, 'ഈ ഞെട്ടിക്കുന്ന സംഭവത്തില്‍ ഇരയായവരില്‍ കര്‍ണാടക സ്വദേശികളും ഉള്‍പ്പെടുന്നു. വിവരം അറിഞ്ഞ ഉടനെ, അടിയന്തര യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്തതായും ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണറുമായും സംസാരിച്ചതായും'- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

മഞ്ജുനാഥ്, ഭാര്യപല്ലവി, മകന്‍ എന്നിവര്‍ നാലുദിവസം മുന്‍പാണ് കശ്മിരിലേക്ക് യാത്ര പോയത്. ഇന്ന് രാവിലെ പഹല്‍ഗാമിലെത്തിയ വിവരം ബന്ധുക്കുളെയും സുഹൃത്തുക്കളെയും വിളിച്ച് അറിയിച്ചിരുന്നു. ജമ്മുവിലുള്ള ഇയാളുടെ കുടുംബം സുരക്ഷിതരാണെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. ഉച്ചയോടെ കുടുംബം ട്രക്കിങ് നടത്തി താഴ് വരയില്‍ ഇരിക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. മഞ്ജുനാഥിന്റെ തലയിലാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. തല്‍ക്ഷണം തന്നെ മഞ്ജുനാഥ് മരിച്ചു. പഹല്‍ഗാമില്‍ കര്‍ണാടകയില്‍ നിന്നുള്ള പന്ത്രണ്ട് പേരുള്ളതായാണ് സര്‍ക്കാരിന് വിവരം ലഭിച്ചത്. റിയല്‍ എസ്റ്റേറ്റ് വ്യവസായി ആണ് മരിച്ചത്.

അതേസമയം. വിനോദസഞ്ചാരികള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 27 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് പരുക്കേറ്റത്. ട്രക്കിങ്ങിനു മേഖലയിലേക്കു പോയവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവിടേക്കു കൂടുതല്‍ സുരക്ഷാ സേനാംഗങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമില്‍ നടന്നത്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ജിദ്ദയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരാക്രമണം നടന്ന സ്ഥലം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അമിത് ഷാ ശ്രീനഗറിലേക്ക് പുറപ്പെട്ടു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബ അനുകൂല സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് ഏറ്റെടുത്തു.

ഭീകരാക്രമണം നടത്തിയവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ''കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ തിരിച്ചടി നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദി സംഭവത്തെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിങിലൂടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. എല്ലാ ഏജന്‍സികളുമായും അടിയന്തര സുരക്ഷാ അവലോകന യോഗം നടത്താന്‍ ഉടന്‍ ഞാന്‍ ശ്രീനഗറിലേക്ക് പോകും.' അമിത് ഷാ അറിയിച്ചു.അജ്ഞാതരായ തോക്കുധാരികള്‍ വിനോദസഞ്ചാരികള്‍ക്കു അടുത്തു വന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരാന്‍ സാധിക്കൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനായി അധികൃതര്‍ മേഖലയിലേക്ക് ഹെലികോപ്റ്റര്‍ അയച്ചിട്ടുണ്ട്.

അതേസമയം, ആക്രമണം നടത്തിയത് ചില പാകിസ്ഥാന്‍ ഭീകരരാണെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്ന പറഞ്ഞു. പഹല്‍ഗാമം ഭീകരാക്രമണത്തില്‍ അപലപിച്ച് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com