പഹല്‍ഗാം ഭീകരാക്രമണത്തിന് പാക് സൈനിക മേധാവിയുടെ പ്രകോപന പ്രസംഗം കാരണമായോ?; ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്

കശ്മീര്‍ 'പാകിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴല്‍' എന്നായിരുന്നു ജനറലിന്റെ പ്രകോപന പരാമര്‍ശം.
akistan Army Chief Asim Munir
പാക് ആര്‍മി ചീഫ് ജനറല്‍ സയ്യിദ് അസിം മുനീര്‍
Updated on
2 min read

ന്യൂഡല്‍ഹി: കശ്മീര്‍ പാകിസ്ഥാന്റെ ഭാഗമാണെന്നുള്ള പാക് ആര്‍മി ചീഫ് ജനറല്‍ സയ്യിദ് അസിം മുനീര്‍ അഹമ്മദ് ഷാ യുടെ പ്രകോപന പരാമര്‍ശം പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പ്രേരണയായോ എന്ന് സംശയം പ്രകടിപ്പിച്ച് ഇന്റലിജന്‍സ് വൃത്തങ്ങള്‍. കശ്മീര്‍ 'പാകിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴല്‍' എന്നായിരുന്നു ജനറലിന്റെ പ്രകോപന പരാമര്‍ശം. മുനീറിന്റെ പ്രകോപന പ്രസംഗം കശ്മീരില്‍ 29 പേരുടെ കൂട്ടക്കൊലയ്ക്ക് പ്രേരണയായിട്ടുണ്ടാവാമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇസ്ലാമാബാദില്‍ നടന്ന ഓവര്‍സീസ് പാകിസ്ഥാനീസ് പ്രോഗ്രാം കോണ്‍ഫറന്‍സിലായിരുന്നു അസിം മൂനീറിന്റെ വിവാദ പരാമര്‍ശം.

അസിം മുനീര്‍ അഹമ്മദ് ഷായുടെ പ്രസംഗത്തില്‍ കശ്മീരിനെതിരെ മാത്രമല്ല, വര്‍ഗീയ പരാമര്‍ശവും അടങ്ങിയിരുന്നു. ഇത് തീവ്രവാദഗ്രൂപ്പുകള്‍ക്ക് ഉത്തേജകമായിട്ടുണ്ടാവമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. കശ്മീര്‍ സംബന്ധിച്ച പാകിസ്ഥാന്റെ നിലപാട് തികച്ചും വ്യക്തമാണ്. അത് 'പാകിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴല്‍' ആണെന്ന് അസിം മുനീര്‍ പറഞ്ഞു. ഒരുശക്തിക്കും പാകിസ്ഥാനെ കശ്മീരില്‍ നിന്നും വേര്‍പ്പെടുത്താനാവില്ലെന്നും മേഖലയിലെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഈ രാജ്യത്തിന്റെ സൃഷ്ടിക്കായി നമ്മുടെ പൂര്‍വികര്‍ വളരെയധികം ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്, അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് നമുക്കറിയാം,' അദ്ദേഹം പറഞ്ഞു. പാകിസ്ഥാനും ഇന്ത്യയും രണ്ട് വ്യത്യസ്ത രാജ്യങ്ങളാണ്, അവരുടെ സംസ്‌കാരം, മതം, ചിന്ത എന്നിവയുമായി യാതൊരു സാമ്യവുമില്ല. നമ്മുടെ മതം വ്യത്യസ്തമാണ്, നമ്മുടെ ആചാരങ്ങള്‍ വ്യത്യസ്തമാണ്. നമ്മുടെ സംസ്‌കാരം വ്യത്യസ്തമാണ്. നമ്മുടെ ചിന്ത വ്യത്യസ്തമാണ്. നമ്മുടെ അഭിലാഷങ്ങള്‍ വ്യത്യസ്തമാണ്. ഇതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിത്തറ, അത് സ്ഥാപിക്കപ്പെട്ടു. നമ്മള്‍ രണ്ട് രാജ്യങ്ങളാണ്, നമ്മള്‍ ഒരു രാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വ്യത്യാസം ഊന്നിപ്പറഞ്ഞ മൂനീറിന്റെ പ്രസംഗം ഹിന്ദുക്കളായ വിനോദസഞ്ചാരികളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്താന്‍ ഭീകരരെ പ്രേരിപ്പിച്ചിരിക്കാമെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. വിനോദ സഞ്ചാരികളോട് ഇസ്ലാമിക വിശ്വാസമായ കല്‍മ ചൊല്ലാന്‍ ആവശ്യപ്പെടുകയും അങ്ങനെ ചെയ്യാത്തവര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി എന്നറിയപ്പെടുന്ന സെയ്ഫുള്ള ഖാലിദ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം കശ്മീര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഏറ്റെടുത്തിരുന്നു. പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ടിആര്‍എഫ്. പാക് സൈന്യത്തിന്റെ പ്രിയപ്പെട്ടവന്‍ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ ഡപ്യൂട്ടി ചീഫാണ് കസൂരി. പാക് ഭീകരനും ലഷ്‌കര്‍ ഇ ത്വയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധമുള്ളയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ പൂര്‍ണ പിന്തുണയോടെയാണ് പ്രവര്‍ത്തനം. സൈന്യത്തിന്റെ പ്രിയപ്പെട്ട സ്വത്ത് എന്നാണ് കസൂരിയെ വിളിക്കുന്നത് തന്നെ.

വിദ്വേഷ പ്രസംഗത്തിന് കുപ്രസിദ്ധനായ കസൂരി യുവാക്കളെ ഭീകരവാദത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നു. രണ്ടു മാസം മുമ്പ് പാകിസ്ഥാന്‍ സൈന്യത്തിന്റെ ക്ഷണം അനുസരിച്ച് പാക് പഞ്ചാബിലെ കങ്കണ്‍പുരില്‍ കസൂരി സൈനികര്‍ക്കായി പ്രസംഗിച്ചിരുന്നു. പാക് സൈന്യത്തിലെ കേണല്‍ സാഹിദ് സരീന്‍ ഘട്ടക്കിന്റെ ക്ഷണമനുസരിച്ചെത്തിയ കസൂരിയെ പൂക്കള്‍ വര്‍ഷിച്ചാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈനികരെ കൊന്നാല്‍ ദൈവത്തില്‍നിന്നു പ്രതിഫലം കിട്ടുമെന്നതടക്കമുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ ഇയാളുടെ പ്രസംഗത്തിലുണ്ടായിരുന്നെന്നും പറയപ്പെടുന്നു. 2019ല്‍ ഇന്ത്യ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ സ്വീകരിച്ച നയത്തില്‍ കസൂരി പരസ്യമായി നിരാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ഫെബ്രുവരി രണ്ടിന് ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ നടത്തിയ പ്രസംഗത്തിലും ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് കസൂരി ആഹ്വാനം നല്‍കിയിരുന്നു. 2026 ഫെബ്രുവരിക്കു മുന്‍പ് കശ്മീര്‍ പിടിച്ചെടുക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നുമായിരുന്നു കസൂരിയുടെ പരാമര്‍ശം. വരും ദിവസങ്ങളില്‍ മുജാഹിദീന്‍ ആക്രമണങ്ങള്‍ ശക്തമാക്കുമെന്നും അന്നത്തെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അബട്ടാബാദിലെ വനാന്തരങ്ങളില്‍ കഴിഞ്ഞവര്‍ഷം നടന്ന ഭീകരക്യാംപില്‍ നൂറുകണക്കിന് പാക് യുവാക്കള്‍ പരിശീലനം നേടിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. ലഷ്‌കര്‍ ഇ ത്വയ്ബയുടെ രാഷ്ട്രീയശാഖയായ പാകിസ്ഥാന്‍ മര്‍കസി മുസ്ലിം ലീഗ് (പിഎംഎംഎല്‍), എസ്എംഎല്‍ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തില്‍ കസൂരിയും പങ്കെടുത്തിരുന്നു. ഈ ക്യാംപില്‍ നിന്നാണ് യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി കസൂരി തിരഞ്ഞെടുത്തതും പിന്നീട് ഇരകളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നതില്‍ പരിശീലനം നല്‍കിയതും.

ലഷ്‌കറെ ത്വയ്ബയുടെ പെഷാവര്‍ ആസ്ഥാനത്തിന്റെ തലവന്‍ കൂടിയാണ് കസൂരി. പാക് സെന്‍ട്രല്‍ പഞ്ചാബ് പ്രവിശ്യയില്‍ ലഷ്‌കറെ ത്വയ്ബയുടെ മറ്റൊരു രൂപമായ ജമാഅത്ത് ഉദ്ദവയുടെ (ജെയുഡി) കോര്‍ഡിനേഷന്‍ കമ്മിറ്റിയിലും കസൂരി പ്രവര്‍ത്തിച്ചിരുന്നു. ജെയുഡിയെ 2016ല്‍ യുഎസ് ഭീകരവാദപ്പട്ടികയിലും 2009ല്‍ യുഎന്‍ ഉപരോധപ്പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com