Pegasus
പെ​ഗാസസ്പ്രതീകാത്മക ചിത്രം

വാട്സ്ആപ്പിലൂടെ നുഴഞ്ഞു കയറുന്ന ചാരൻ! ലക്ഷ്യം ആപ്പിൾ മാത്രമല്ല; എന്താണ് പെ​ഗാസസ്?

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര പ്രോഗ്രാമാണ് പെഗാസസ്.
Published on

ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഒരു രാജ്യം സ്പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന സുപ്രീം കോടതിയുടെ നിരീക്ഷണത്തിന് പിന്നാലെ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌ വെയറായ പെ​ഗാസസ്. എന്താണ് പെ​ഗാസസ് എന്ന് നോക്കിയാലോ. യാതൊരുവിധ തെളിവും അവശേഷിപ്പിക്കാതെ സ്മാർട്ട് ഫോണിനകത്ത് സമർഥമായി നുഴഞ്ഞു കയറി വിവരങ്ങളെല്ലാം ചോർത്തി സ്വയം മരണം വരിക്കുന്ന ഒരു ചാവേറാണ് പെ​ഗാസസ്.

സൂചനകള്‍ ലഭിച്ചിരുന്നുവെങ്കിലും നീണ്ട നാളത്തെ പരിശോധനകള്‍ക്കൊടുവിലാണ് അത് പെഗാസസ് എന്ന മാല്‍വെയറാണെന്ന് മനസിലാകുന്നത്. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാര പ്രോഗ്രാമാണ് പെഗാസസ്. ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും വിവിധ സര്‍ക്കാരുകള്‍ക്ക് വേണ്ടി സുരക്ഷാ- നിരീക്ഷണ സംവിധാനങ്ങള്‍ നിര്‍മിച്ച് നല്‍കുന്ന കമ്പനിയാണ് തങ്ങളെന്നും എന്‍എസ്ഒ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

ഐഫോണിനെ ലക്ഷ്യമിട്ട്

തങ്ങളുടെ കോളിങ് സംവിധാനത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നതായി വാട്‌സ്ആപ്പിന് സൂചന കിട്ടിയിരുന്നു. അതിന് പിന്നില്‍ പെഗാസസ് ആണെന്ന് തെളിഞ്ഞതോടെയാണ് അന്വേഷണം വ്യാപകമാക്കിയത്. അതോടെ പെഗാസസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകള്‍ക്ക് പുതിയ അപ്‌ഡേറ്റ് സ്വീകരിക്കാന്‍ അവര്‍ മുന്നറിയിപ്പ് നല്‍കി. ആ മെസേജ് കിട്ടിയവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ലോകമെങ്ങും ഇത് ചര്‍ച്ചയായത്.

അതീവസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ട് നിർമിച്ച പെ​ഗാസസ് ആദ്യമായി വാർത്തയിൽ ഇടം നേടുന്നത് 2016 ലാണ്. അന്ന് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തങ്ങളുടെ സ്മാര്‍ട്‌ഫോണുകളെ പെഗാസസ് ബാധിച്ചുവെന്ന് ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ എന്നിവരെയാണ് പെഗാസസ് ലക്ഷ്യമിട്ടത്. വിവിധ സര്‍ക്കാരുകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇസ്രയേലി കമ്പനിയുടെ ചാര പ്രോഗ്രാം കടത്തിവിട്ടത് ആരെന്ന അന്വേഷണത്തിന് പ്രാധാന്യം കൈവരുന്നത് അവിടെയാണ്.

പല വഴികൾ

എൻഡ് ടു എൻഡ് എൻസ്ക്രിപ്ഷനുള്ള വാട്സ്ആപ്പിൽ പെ​ഗാസസ് എങ്ങനെ കടന്നു എന്നതായിരുന്നു തുടക്കത്തിൽ ഏവരെയും അതിശയിപ്പിച്ച വസ്തുത. ടെക്സ്റ്റ് മെസേജ് അല്ല കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാന്‍ ഉപയോഗിച്ചത് എന്നതാണ് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ചത്. ഒറ്റ മിസ്ഡ്‌കോളിലൂടെ ചാര പ്രോഗ്രാം കോഡുകള്‍ സ്മാര്‍ട്‌ഫോണില്‍ നിക്ഷേപിക്കും. തുടര്‍ന്ന് ജെയില്‍ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കും.

കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസ് എത്തിയ കോള്‍ മായ്ചു കളയും. കോള്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല അതിന് കടന്നുകയറാന്‍ എന്നതും ശ്രദ്ധേയം. ജെയില്‍ ബ്രെയ്ക്കിലൂടെയാണ് ഡാറ്റകള്‍ മോഷ്ടിക്കുന്നതു മുതല്‍ കാമറ പ്രവര്‍ത്തിക്കുന്നതുവരെ ഫോണിന്റെ എല്ലാ പ്രവര്‍ത്തന മേഖലയിലും കൈകടത്താന്‍ പെഗാസസിന് കഴിയുന്നത്.

വാട്സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടക്കുന്നതിന് മുമ്പേ സന്ദേശം കൈക്കലാക്കാം. ഡാറ്റകള്‍ ചോര്‍ത്തിയെടുക്കാന്‍ വാട്‌സ്ആപ്പ് ഉപയോഗിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. പെഗാസസിന് ഡാറ്റ കടത്താന്‍ വാട്‌സ്ആപ്പിന്റെ ആവശ്യമില്ല എന്നതാണ് വസ്തുത. ഇമെയില്‍ വഴിയും എസ്എംഎസ് ലിങ്ക് വഴിയും പെഗാസസ് സ്മാര്‍ട്ഫോണില്‍ കടത്തിവിടാം.

ഇന്റര്‍നെറ്റുമായി ആ ഫോണ്‍ ബന്ധിച്ചിരുന്നാല്‍ മാത്രം മതി. പെഗാസസ് സ്മാര്‍ട്‌ഫോണില്‍ ചാരപ്പണി നടത്തുമ്പോൾ ഫോണ്‍ സ്ലോ ആകുകയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം സംഭവിക്കുന്നതായോ ഒന്നും തോന്നുകയില്ല. ചാരപ്പണി കഴിഞ്ഞാല്‍ പെഗാസസ് തനിയെ അപ്രത്യക്ഷമാകും. ഫോണിന്റെ ചരിത്ര രേഖകളില്‍ ഒരു തെളിവും അവശേഷിപ്പിക്കില്ല. അതുകൊണ്ടുതന്നെ സമര്‍ഥനായ ചാവേറാണ് പെഗാസസ്.

അപകടകാരി

ആപ്പിളിനെ ലക്ഷ്യമിട്ടാണ് പെഗാസസ് നിര്‍മിച്ചതെങ്കിലും ആന്‍ഡ്രോയ്ഡിലും ബ്ലാക്ക് ബെറിയിലും ഇത് പ്രവര്‍ത്തിക്കും. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഈ പ്രോഗ്രാം ഫോണ്‍ കോളുകള്‍, മെസേജുകള്‍, ഫോട്ടോകള്‍, കാമറ, മൈക്രോഫോണ്‍, ഇമെയില്‍, കലണ്ടര്‍, എസ്എംഎസ്, ലൊക്കേഷന്‍, നെറ്റ്‌വർക്ക് ഡീറ്റെയില്‍സ്, സെറ്റിങ്സ്, ബ്രൗസ് ഹിസ്റ്ററി, കോണ്‍ടാക്ട്‌സ് തുടങ്ങിയ എല്ലാം കൈക്കലാക്കും. ആരുമറിയാതെ കാമറ പ്രവർത്തിപ്പിച്ച് ഇന്റർനെറ്റ് വഴി അത് കൈമാറുന്നു എന്ന് പറഞ്ഞാൽ പെ​ഗാസസ് എത്രത്തോളം അപകടകാരിയാണെന്ന് നമുക്ക് മനസിലാകും. ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് ആകെ 1400ലധികം ഫോണുകളില്‍ പെഗാസസ് ബാധിച്ചുവെന്നാണ് കണക്ക്.

വിവാദം

2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് ഇന്ത്യയിലും പെ​ഗാസസിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നത്. 2019ൽ ആഗോളതലത്തിൽ തന്നെ നടന്ന പെഗാസസ് സൈബർ ആക്രമണത്തിൽ ഇന്ത്യയിലെ പ്രമുഖരായ അഭിഭാഷകരും മാധ്യമപ്രവർത്തകരും സാമൂഹികപ്രവർത്തകരുമെല്ലാം ഇരയായതായി പരാതിയുയർന്നിരുന്നു. മാധ്യമസ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്ത്യയിലെ പ്രമുഖരായ 300ഓളം പേരുടെ മൊബൈൽ ഫോണുകൾ പെഗാസസ് വഴി ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടത്.

ഹാക്ക് ചെയ്യപ്പെട്ടവരിൽ രാഹുൽ ഗാന്ധി, പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് കിഷോർ, രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായ അലങ്കാർ സവായി എന്നിവരും ഉൾപ്പെടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com