അമ്മ മരിച്ചെന്നറിഞ്ഞു; വിഷാദം കാരണം ആരോടും പറയാനായില്ല; മൃതദേഹത്തിനൊപ്പം യുവതികള്‍ കഴിഞ്ഞത് 9ദിവസം
ഹൈദരബാദ്: അമ്മയുടെ മരണത്തെ തുടര്‍ന്ന് വിഷാദത്തിലായ യുവതികള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒന്‍പത് ദിവസം. ഹൈദരബാദിലാണ് സംഭവം. സംസ്‌കാരം നടത്താന്‍ പണമില്ലാതെ വന്നതോടെ ജനുവരി 31ന് ഇവര്‍ പൊലീസിനെ സമീപിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ജനുവരി 23നാണ് യുവതികളുടെ അമ്മയായ ലളിത മരിച്ചത്. നാഡിമിടിപ്പ്, ശ്വാസം, ഹൃദയമിടിപ്പ് എന്നിവ നിലച്ചതോടെ അമ്മ മരിച്ചെന്ന് 22ഉം 25ഉം വയസ്സുള്ള മക്കള്‍ മനസ്സിലാക്കി. വിഷാദ രോഗം കാരണം അവര്‍ വീട്ടിനുള്ളില്‍ തന്നെ തുടര്‍ന്നു. അമ്മയുടെ മരണം ആരെയും അറിയിക്കാനും അവര്‍ക്ക് കഴിഞ്ഞില്ല, അവര്‍ വാതിലുകള്‍ അകത്തുനിന്ന് പൂട്ടിയതിനാല്‍ ഒറ്റപ്പെട്ട വീട്ടില്‍നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് അനുഭവപ്പെട്ടില്ലെന്നും പൊലിസ് പറഞ്ഞു. ആ ദിവസങ്ങളില്‍ വെള്ളം മാത്രം കുടിച്ചാണ് അവര്‍ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറഞ്ഞു.
അമ്മയുടെ ശവസംസ്‌കാരം നടത്താന്‍ പണം ആവശ്യപ്പെട്ട് യുവതികള്‍ എംഎല്‍എയുടെ ഓഫീസിലെത്തിയപ്പോള്‍ അവര്‍ പൊലീസിനെ സമീപിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് പറഞ്ഞു.
അഞ്ച് വര്‍ഷം മുന്‍പ് ലളിത ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞിരുന്നു. അമ്മയും മക്കളും വാടക വീട്ടിലായിരുന്നു താമസം. ബിരുദധാരികളായ പെണ്‍കുട്ടികളില്‍ ഒരാള്‍ വസ്ത്രക്കടയിലും മറ്റൊരാള്‍ ഒരു ഇവന്റ് മാനേജിങ് ഏജന്‍സിയിലും ജോലി ചെയ്തിരുന്നു. എന്നാല്‍ രണ്ടുമാസം മുന്‍പ് അവര്‍ ജോലി അവസാനിപ്പിച്ച് വീട്ടില്‍ തന്നെ ഒതുങ്ങി. പിതാവ് എവിടെയാണെന്നോ, മറ്റ് ബന്ധുക്കള്‍ എവിടയാണെന്നത് ഇവര്‍ക്ക് ഓര്‍മയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക