
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ എന്‍ജിനീയറിങ് കോളജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ജെഇഇ മെയിന്‍ 2025 രണ്ടാം സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. jeemain.nta.nic.in വഴി ഫെബ്രുവരി 25ന് രാത്രി ഒന്‍പത് വരെ അപേക്ഷ നല്‍കാം. അപേക്ഷാഫീസ് 25ന് രാത്രി 11.50 വരെ അടയ്ക്കാം. ഏപ്രില്‍ ഒന്നിനും എട്ടിനും ഇടയ്ക്കാണ് പരീക്ഷ.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. ജെഇഇ മെയിന്‍ 2025 സെഷന്‍ 1 എഴുതിയ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം സെഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, അവരുടെ മുന്‍ അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് പരീക്ഷാ ഫീസ് അടയ്ക്കാം. അവര്‍ക്ക് പേപ്പര്‍, പരീക്ഷാ മാധ്യമം, നഗര മുന്‍ഗണന എന്നിവ മാറ്റാനും കഴിയും.
പുതിയ വിദ്യാര്‍ഥികള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുകയും പിന്നീട് ജെഇഇ മെയിന്‍ രണ്ടാം സെഷനായി ഓണ്‍ലൈനായി അപേക്ഷിക്കുകയും വേണം. ഒരു വിദ്യാര്‍ഥിക്ക് ഒരു അപേക്ഷാ ഫോം മാത്രമേ പൂരിപ്പിക്കാന്‍ അനുവാദമുള്ളൂ.
പരീക്ഷാകേന്ദ്രങ്ങളെപ്പറ്റിയുള്ള മുന്‍കൂര്‍ അറിയിപ്പ്, അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡിങ്, പരീക്ഷാ ഫലപ്രഖ്യാപനം എന്നിവയുമായി ബന്ധപ്പെട്ട തീയതികള്‍/വിജ്ഞാപനങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലില്‍ യഥാസമയം പ്രസിദ്ധപ്പെടുത്തും.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എന്‍ഐടി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐഐഐടി), കേന്ദ്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ (സിഎഫ്ടിഐ), സംസ്ഥാനസര്‍ക്കാര്‍ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങള്‍/സര്‍വകലാശാലകള്‍ എന്നിവയിലെ വിവിധ ബിരുദതല എന്‍ജിനിയറിങ്/സയന്‍സ്/ ആര്‍ക്കിടെക്ചര്‍/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് മുഖ്യമായും പരീക്ഷയുടെ പരിധിയില്‍ വരുന്നത്. എന്‍ഐടി കാലിക്കറ്റ്, ഐഐഐടി കോട്ടയം എന്നിവയാണ് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ സ്ഥാപനങ്ങള്‍.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യിലെ എന്‍ജിനീയറിങ്, സയന്‍സ്, ആര്‍ക്കിടെക്ചര്‍ ഉള്‍പ്പെടെയുള്ള വിവിധ ബിരുദ പ്രോഗ്രാമുകളുടെ (ബാച്ച്ലര്‍, ഡ്യുവല്‍ ഡിഗ്രി, ഇന്റഗ്രേറ്റഡ്) പ്രവേശനപരീക്ഷയായ ജെഇഇ അഡ്വാന്‍സ്ഡ് എഴുതാന്‍ അര്‍ഹതയുള്ളവരെ കണ്ടെത്തുന്ന പരീക്ഷകൂടിയാണ് ജെഇഇ മെയിന്‍ പേപ്പര്‍ ഒന്ന് പരീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക