
ന്യൂഡല്‍ഹി: ഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ തിക്കിലും തിരക്കിലുംപെട്ട് പതിനെട്ട് പേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ കേന്ദ്രത്തിനും റെയില്‍വേയ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി. എന്തിന് പരിധിയില്‍ കൂടുതല്‍ ടിക്കറ്റ് വിറ്റെന്ന് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായയും ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേലയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. സംഭവത്തില്‍ കോടതി റെയില്‍വേയോടും കേന്ദ്രസര്‍ക്കാരിനോടും വിശദീകരണവും തേടി.
ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റ്റേഷനിലെ തിക്കും തിരക്കും ഒഴിവാക്കണമെന്നും അതിനുള്ള സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നുമുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ഒരോ കോച്ചിലും ഉള്‍കൊള്ളാവുന്ന പരമാവധി യാത്രക്കാരുടെ കാര്യത്തില്‍ റെയില്‍വേക്ക് കണക്കില്ലേയെന്നും ഒരുപരിധിയുമില്ലാതെ എന്തിന് ഇത്രയധികം ടിക്കറ്റുകള്‍ വിറ്റെന്നും കോടതി ചോദിച്ചു. പരിധിയില്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റത് പ്രശ്‌നമാണെന്നും കോടതി നിരീക്ഷിച്ചു.
ആ ദിവസം സ്റ്റേഷനില്‍ എത്ര ലക്ഷം പേര്‍ ഉണ്ടായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? അടിസ്ഥാന സൗകര്യമനുസരിച്ച് അത്രയും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ല. റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 57 ഉദ്ധരിച്ച്, പരമാവധി യാത്രക്കാരെ നിശ്ചയിക്കുന്നതും പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ വില്‍ക്കുന്നതും പരിശോധിക്കാന്‍ ഹൈക്കോടതി റെയില്‍വേയോട് ഉത്തരവിട്ടു. തിരക്കുള്ള സമയം കൂടുതല്‍ കോച്ചുകള്‍ വര്‍ധിപ്പിക്കാനുള്ള നടപടി റെയില്‍വേയ്ക്ക് സ്വീകരിക്കാമെന്നും കോടതി പറഞ്ഞു.
ഫെബ്രുവരി പതിനാറിന് കുംഭമേളയ്ക്ക് പോകാനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും റെയില്‍വേ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക