ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ നടൻ അല്ലു അർജുന് ജാമ്യം. വിചാരണക്കോടതിയായ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന് ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ രണ്ട് വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. മുൻപ് അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി 10 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഇതിന് പിന്നാലെയാണിപ്പോൾ താരത്തിന് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ നാലിനാണ് പുഷ്പ 2 സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ സന്ധ്യ തിയറ്ററിൽ തിരക്കിൽപ്പെട്ട് ദുരന്തമുണ്ടായത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുൻ എത്തിയതോടെ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗര്‍ സ്വദേശിനി രേവതി മരിക്കുകയും ഇവരുടെ മകൻ ശ്രീതേജിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത്.
ശ്രീതേജിപ്പോൾ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ ഡിസംബർ 13 ന് തെലങ്കാന പൊലീസ് അല്ലു അർജുനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്ന് രാത്രിയിൽ തന്നെ തെലങ്കാന ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും ഉത്തരവ് ലഭിക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടി പിറ്റേദിവസമാണ് അല്ലു അര്‍ജുനെ ജയിൽ അധികൃതര്‍ പുറത്തിറക്കിയത്. അന്ന് അരലക്ഷം രൂപയുടെ ബോണ്ടിലാണ് നാലാഴ്ചത്തേക്ക് ജാമ്യം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക