' പ്രിയങ്കാ ഗാന്ധിയുടെ കവിളു പോലെ റോഡുകള്‍'; ബിജെപി നേതാവ് രമേശ് ബിധുരി വീണ്ടും വിവാദത്തില്‍
ന്യൂഡല്‍ഹി: വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപി നേതാവ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുപോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു മുന്‍ എംപിയുടെ പരാമര്‍ശം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍ക്കാജി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി രമേശ് ബിധുരിയാണെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. പരാമര്‍ശം വിവാദമായതോടെ സംഭവത്തില്‍ ബിധുരി മാപ്പ് പറഞ്ഞു. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പറഞ്ഞു.
ബിധുരിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ ഉന്നതനേതൃത്വം പ്രിയങ്കയോട് കൈകൂപ്പി മാപ്പുചോദിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് അഭിപ്രായപ്പെട്ടു. പരാമര്‍ശം ബിധുരിയുടെ വികലമായ മനോനില പ്രതിഫലിപ്പിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബിധുരിയുടെ പരാമര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
എന്നാല്‍ പരാമര്‍ശത്തെ രമേശ് ബിധുരി ന്യായീകരിക്കുകയാണ് ചെയ്തത്. നടിയും എംപിയുമായ ഹേമ മാലിനിക്കെതിരായ ലാലു പ്രസാദ് യാദവിന്റെ പരാമര്‍ശം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു പ്രതിരോധം.
ഹേമ മാലിനിക്കെതിരായ പരാമര്‍ശത്തില്‍ ലാലു പ്രസാദ് യാദവിനെ ഒറ്റപ്പെടുത്താത്തവര്‍ എങ്ങനെയാണ് തന്നെ ചോദ്യം ചെയ്യുകയെന്നായിരുന്നു ബിധുരിയുടെ ചോദ്യം. നേട്ടങ്ങളുടെ പട്ടിക നോക്കിയാല്‍ പ്രിയങ്കാ ഗാന്ധിയേക്കാള്‍ എത്രയോ മുകളിലാണ് ഹേമ മാലിനിയെന്നും ബിധുരി കൂട്ടിച്ചേര്‍ത്തു. നേരത്തെ, ബിഎസ്പി എംപിയായിരുന്ന ഡാനിഷ് അലിക്കെതിരെ പരാമര്‍ശം നടത്തി രമേശ് ബിധുരി വിവാദങ്ങളില്‍പ്പെട്ടിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക