
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വേലി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ നൂറല്‍ ഇസ്ലാമിനെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. ഇന്ത്യയുടെ സ്ഥാനപതി പ്രണയ് വര്‍മയെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യയുടെ നീക്കം.
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അഞ്ച് സ്ഥലങ്ങളില്‍ വേലി നിര്‍മിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നതായി ആരോപിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷികരാറിന്റെ ലംഘനമാണ് ഇതെന്നും ബംഗ്ലാദേശ് ആരോപിച്ചിരുന്നു. ഇതില്‍ ആശങ്കയറിയിച്ചാണ് ഇന്ത്യന്‍ സ്ഥാനപതിയെ ബംഗ്ലാദേശ് വിളിച്ചുവരുത്തിയയത്.
സുരക്ഷാര്‍ഥം അതിര്‍ത്തിയില്‍ വേലി സ്ഥാപിക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യസെക്രട്ടറി ജഷീം ഉദ്ദിനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രണയ് വര്‍മ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിസേനകളായ ബിഎസ്എഫും ബിജിബിയും (ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശ്) തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ട്. പരസ്പരധാരണയുടെയും സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ അതിര്‍ത്തിയിലെ കുറ്റകൃത്യങ്ങളെ തടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും വര്‍മ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക