
ന്യൂഡല്‍ഹി: സിബിഐ ഉദ്യോഗസ്ഥരാണെന്നും ഡിജിറ്റല്‍ അറസ്റ്റിലാണെന്നും പറഞ്ഞുകൊണ്ടുള്ള തട്ടിപ്പിന് ശേഷം ട്രായ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പുതിയ തട്ടിപ്പ്. ട്രായ് ഉദ്യോഗസ്ഥരാണെന്നും നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഫോണ്‍ നമ്പര്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഉപഭോക്താക്കള്‍ക്ക് കോളുകള്‍ വരുന്നത്. ഫോണ്‍ നമ്പര്‍ തിരികെ ലഭിക്കണമെങ്കില്‍ പിന്നീട് അവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും ആവശ്യപ്പെടും. ഇതിനിടെയാണ് ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമാകുന്നത്.
'പ്രിയ ഉപയോക്താവേ, നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്ന് നിയമവിരുദ്ധ പ്രവര്‍ത്തനം രജിസ്റ്റര്‍ ചെയ്തതിനാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നുവെന്ന് അറിയിക്കുന്നതിനാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഈ കോള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്, 9 അമര്‍ത്തുക...' ഇങ്ങനെയാണ് കോള്‍ വരിക. പിന്നീട് ഡിജിറ്റല്‍ അറസ്റ്റിലാണെന്ന് പറയുകയും നമ്പര്‍ തിരിച്ചു കിട്ടണമെങ്കില്‍ ഐഡിയും ബാങ്ക് അക്കൗണ്ടും ഉള്‍പ്പെടെയുള്ള വിശദാംശങ്ങളും നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും. സ്വകാര്യ വിവരങ്ങള്‍ പങ്കിടാനും ആവശ്യപ്പെടും. തുടര്‍ന്ന് ഇതുപയോഗിച്ചാണ് പണം തട്ടിയെടുക്കുക.
ട്രായ്, പൊലീസ് എന്നിവര്‍ ഫോണിലൂടെ വ്യക്തിപരമോ സാമ്പത്തികപരമോ ആയ വിവരങ്ങള്‍ ആവശ്യപ്പെടില്ല. ആരെങ്കിലും അത്തരത്തില്‍ ഭീഷണിപ്പെടുത്തിയാല്‍ കോള്‍ വിച്ഛേദിക്കുക എന്നതാണ് ഈ തട്ടിപ്പില്‍ പെടാതിരിക്കാനുള്ള മാര്‍ഗം. കോള്‍ നിയമാനുസൃതമാണോയെന്ന് സംശയം തോന്നിയാല്‍ വിളിക്കുന്നയാളുടെ ആധികാരികത പരിശോധിക്കുകയും പൊലീസിനെയും സൈബര്‍ ക്രൈം വിഭാഗത്തെയും ബന്ധപ്പെടുകയും ചെയ്യുക. ട്രായ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഇത്തരത്തില്‍ ഹൈദരാബാദ് സ്വദേശിയില്‍ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തു. മുംബൈ ഐഐടിയില്‍ പഠിക്കുന്ന ബിരുദ ധാരിക്ക് 7 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക