
മുംബൈ: ഇന്ത്യ ഒരു പ്രധാന സമുദ്രശക്തിയായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ആത്മനിര്‍ഭര്‍ ഭാരത്' രാജ്യത്തെ ശക്തവും സ്വയംപര്യാപ്തവുമാക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. യുദ്ധക്കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, ഐഎന്‍എസ് നീലഗിരി, മുങ്ങിക്കപ്പല്‍ ഐഎന്‍എസ് വാഗ്ഷീര്‍ എന്നിവ രാജ്യത്തിനു സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. ദക്ഷിണ മുംബൈയിലെ നേവല്‍ ഡോക്യാഡിലായിരുന്നു കമ്മീഷനിങ് ചടങ്ങ് നടന്നത്.
ആദ്യമായാണ് ഡിസ്‌ട്രോയര്‍, ഫ്രിഗേറ്റ്, അന്തര്‍വാഹിനി എന്നിവ ഒരുമിച്ച് കമ്മീഷന്‍ ചെയ്തത്. ഇവ മൂന്നും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണെന്നും അദ്ദേഹം പറഞ്ഞു. 'മയക്കുമരുന്ന്, ആയുധങ്ങള്‍, ഭീകരത എന്നിവയില്‍ നിന്ന് സമുദ്രത്തെ സംരക്ഷിക്കുന്നതിന് നാം ഒരു ആഗോള പങ്കാളിയാകണം. ഇന്ത്യ ഒരു പ്രധാന സമുദ്രശക്തിയായി മാറുകയാണ്. കൂടാതെ വിശ്വസനീയവും ഉത്തരവാദിത്തമുള്ളതുമായ പങ്കാളിയായി അംഗീകരിക്കപ്പെടുകയും ചെയ്യുന്നു,'- മോദി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 33 കപ്പലുകളും ഏഴ് അന്തര്‍വാഹിനികളും നാവികസേനയുടെ ഭാഗമായതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ ഉല്‍പ്പാദനം 1.25 ലക്ഷം കോടി രൂപ കവിഞ്ഞു. പ്രതിരോധ ഉപകരണങ്ങള്‍ 100 ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായും മോദി അറിയിച്ചു.
ഐഎന്‍എസ് സൂറത്ത്
പ്രോജക്ട് 15 ബി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള നാലാമത്തെയും അവസാനത്തെയും കപ്പല്‍. 75 ശതമാനം ഭാഗവും തദ്ദേശീയമായി നിര്‍മിച്ചത്. കൊല്‍ക്കത്ത ക്ലാസ് ഡിസ്‌ട്രോയറുകള്‍ക്ക് സമാനമായ ഒരു തുടര്‍ച്ചയാണിത്.
ഐഎന്‍എസ് നീലഗിരി
പ്രോജക്ട് 17 എ സ്റ്റെല്‍ത്ത് ഫ്രിഗേറ്റ് പദ്ധതിയിലെ ആദ്യ കപ്പല്‍. ശിവാലിക് ക്ലാസ് ഫ്രിഗേറ്റുകളെ അപേക്ഷിച്ച് കൂടുതല്‍ മെച്ചപ്പെട്ട സേവനം നല്‍കാന്‍ കഴിയുന്നതാണ് ഈ യുദ്ധക്കപ്പല്‍. ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഡിസൈന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത് മാസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സ് ലിമിറ്റഡിലാണ് (എംഡിഎല്‍) ഇത് നിര്‍മ്മിച്ചത്. തദ്ദേശീയ ഫ്രിഗേറ്റുകളുടെ അടുത്ത തലമുറയെ പ്രതിഫലിപ്പിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇതിലുള്ളത്.
നൂതനമായ സ്റ്റെല്‍ത്ത് സാങ്കേതികവിദ്യയും കുറഞ്ഞ റഡാര്‍ സിഗ്‌നേച്ചറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ആധുനിക വ്യോമയാന സൗകര്യങ്ങളാല്‍ സജ്ജീകരിച്ചിരിക്കുന്ന കപ്പലില്‍ നിന്ന് MH-60R ഉള്‍പ്പെടെ ഒന്നിലധികം ഹെലികോപ്റ്ററുകള്‍ക്ക് പറന്നുയരാന്‍ സാധിക്കും.
ഐഎന്‍എസ് വാഗ്ഷീര്‍
പ്രോജക്റ്റ് 75 സ്‌കോര്‍പീന്‍ പദ്ധതിയുടെ ആറാമത്തെയും അവസാനത്തെയും മുങ്ങിക്കപ്പലാണ് ഐഎന്‍എസ് വാഗ്ഷീര്‍. ഫ്രാന്‍സിലെ നേവല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് നിര്‍മാണം.ഒരു ഡീസല്‍-ഇലക്ട്രിക് അന്തര്‍വാഹിനിയാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക