
മുംബൈ: 'നിർത്തൂ നിർത്തൂ... എന്ന് വിളിച്ചു കൊണ്ട് ഒരു സ്ത്രീ ഓടിവന്നു'- സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവറുടെ വാക്കുകളാണിത്. അദ്ദേഹത്തെ രക്ഷിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. മോഷണശ്രമത്തിനിടെ അക്രമിയുടെ കുത്തേറ്റ സെയ്ഫ് അലി ഖാനെ ആശുപത്രിയിലെത്തിച്ചത് ഭജൻ സിങ് റാണ എന്ന ഓട്ടോ ഡ്രൈവറാണ്.
"ഞാൻ ലിങ്കിൻ റോഡ് വഴി പോകുകയായിരുന്നു. അദ്ദേഹം (സെയ്ഫ് അലി ഖാൻ) താമസിക്കുന്ന സത്ഗുരു നിവാസിൽ നിന്ന് റിക്ഷ, റിക്ഷ...നിർത്തൂ.. നിർത്തൂ... എന്ന് വിളിച്ചുകൊണ്ട് ഒരു സ്ത്രീ ഓടിവന്നു. ഗേറ്റിനടുത്ത് ഓട്ടോ നിർത്താൻ അവർ എന്നോട് പറഞ്ഞു. അത് സെയ്ഫ് അലി ഖാൻ ആയിരുന്നുവെന്ന് എനിക്കറിയില്ലായിരുന്നു. അതൊരു അടിയന്തര ഘട്ടമായിരുന്നു. എന്റെ ഓട്ടോയിൽ കയറുന്ന ഈ യാത്രക്കാരൻ ആരാണെന്നതിൽ എനിക്ക് പേടിയുണ്ടായിരുന്നു.
എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോയെന്ന പേടിയുണ്ടായിരുന്നു എനിക്ക്".- റാണ ഒരു മാധ്യമത്തോട് പ്രതികരിച്ചു. "വെളുത്ത നിറത്തിലെ ഷർട്ടായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ചോര വാർന്നാണ് അദ്ദേഹം നടന്നുവന്നത്. ഒരു കുട്ടിയും ഒരു ചെറുപ്പക്കാരനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഹോളി ഫാമിലിയിലേക്കാണോ ലീലാവതി ആശുപത്രിയിലേക്കാണോ പോകേണ്ടതെന്ന് ഞാൻ ചോദിച്ചു. അദ്ദേഹമുടനെ ലീലാവതിയിലേക്ക് കൊണ്ടുപോകൂ എന്ന് പറഞ്ഞു.
വേദന കാരണം വളരെ പാടുപെട്ടാണ് അദ്ദേഹം നടന്നതും. ആശുപത്രിയിലെത്തിയപ്പോൾ അദ്ദേഹം തന്നെയാണ് ഗാർഡിനെ വിളിച്ചതും. ആശുപത്രി ജീവനക്കാരെല്ലാം വന്നപ്പോൾ അദ്ദേഹം പറഞ്ഞു, ഞാൻ സെയ്ഫ് അലി ഖാൻ ആണെന്ന്".- റാണ മാധ്യമങ്ങളോട് പറഞ്ഞു.
അദ്ദേഹത്തിന്റെ മുഖത്ത് തെല്ലും ഭയമില്ലായിരുന്നെന്നും റാണ പറഞ്ഞു. എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുക എന്നതായിരുന്നു എന്റെ ഏക ലക്ഷ്യം. അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ സഹായിക്കാൻ കഴിഞ്ഞത് തന്നെ വലിയ കാര്യമാണ്, അതുകൊണ്ട് വണ്ടിക്കൂലി വാങ്ങിയില്ലെന്നും റാണ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക