കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബലാത്സംഗക്കൊലയില്‍ പ്രതിക്കുള്ള ജീവപര്യന്തം തടവുശിക്ഷയില്‍ തൃപ്തരല്ലെന്ന് കൊല്ലപ്പെട്ട യുവ ഡോക്ടറുടെ കുടുംബം. കേസില്‍ നീതി ലഭിക്കും വരെ പോരാടുമെന്ന് കുടംബം പറഞ്ഞു. അന്വേഷണം പൂര്‍ണമനസോടെയായിരുന്നില്ല, കേസിലെ നിരവധി കുറ്റവാളികള്‍ ഇപ്പോഴും സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. അതിനാല്‍ നീതി തേടി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കൊല്ലപ്പെട്ട ഡോക്്ടറുടെ മാതാപിതാക്കള്‍ പറഞ്ഞു.
കോടതി വിധി കേട്ട് ഞെട്ടിപ്പോയി. എങ്ങനെയാണ് ആപൂര്‍വങ്ങളില്‍ ആപൂര്‍വമായ കേസ് അല്ലാതാകുന്നത്?. ഡ്യൂട്ടിയിലിരിക്കുന്ന ഡോക്ടറാണ് ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്നത്. കോടതി വിധി നിരാശപ്പെടുത്തന്നതാണ്. കുറ്റകൃത്യത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. എല്ലാ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതുവരെ പോരാട്ടം തുടരുമെന്നും ഡോക്ടറുടെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധിയില്‍ തൃപ്തയല്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കേസ് ബംഗാള്‍ പൊലീസില്‍ നിന്ന് കേസ് നിര്‍ബന്ധപൂര്‍വം സിബിഐക്ക് കൈമാറുകയായിരുന്നു. ബംഗാള്‍ പൊലീസാണ് അന്വേഷണം നടത്തിയതെങ്കില്‍ പ്രതിക്ക് വധശിക്ഷ ഉറപ്പായിരുന്നെന്നും മമത ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിക്ക് തങ്ങളെല്ലാം വധശിക്ഷ ആവശ്യപ്പെട്ടിരുന്നതായും ഇത്തരം കേസുകള്‍ ബംഗാള്‍ പൊലീസ് അന്വഷണം നടത്തിയപ്പോള്‍ വധശിക്ഷ ഉറപ്പാക്കിയിരുന്നെന്നും മമത ബാനര്‍ജി പറഞ്ഞു.
വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഡോക്ടര്‍മാരുടെ സംഘടന അറിയിച്ചു. കേസില്‍ പ്രതി സഞ്ജയ് റോയിക്ക് കോടതി ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. കൊല്‍ക്കത്ത സീല്‍ദാ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെവന്ന് കോടതി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്നും കോടതി പറഞ്ഞു.
17 ലക്ഷം രൂപ നഷ്ടപരിഹാരമായി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, നഷ്ടപരിഹാരം വേണ്ടെന്ന് ഡോക്ടറുടെ കുടുംബം അറിയിച്ചു. പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് വിധിന്യായം വായിക്കവെ കോടതി പറഞ്ഞു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയില്‍ പറഞ്ഞു. വിധിവായിക്കുന്നതിന് മുമ്പ് കോടതി, പ്രതി സഞ്ജയ് റോയിക്ക് പറയാനുള്ളത് കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിയിക്കപ്പെട്ടെന്ന് വ്യക്തമാക്കിയത്.
കഴിഞ്ഞ വെള്ളിയാഴ്ച സഞ്ജയ് റോയി കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊല്‍ക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം. ഈ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ വ്യാപക പ്രതിഷേധം ഉള്‍പ്പെടെ രാജ്യത്ത് അരങ്ങേറി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക