
ചെന്നൈ: ഗോമൂത്രത്തിന് ഔഷധഗുണം ഉണ്ടെന്ന അവകാശവാദത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി. തന്റെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകള്‍ ഉണ്ടെന്ന് കാമകോടി തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ഞാന്‍ പറഞ്ഞതിന് ശാസ്ത്രീയ പിന്തുണയുണ്ടോ എന്നതാണ് തര്‍ക്കം. എന്റെ കൈവശമുള്ള അഞ്ച് ഗവേഷണ പ്രബന്ധങ്ങളും സിഎസ്‌ഐആറില്‍ നിന്ന് ലഭിച്ച പേറ്റന്റും കാണിക്കുന്നത് ഗോമൂത്രത്തിന് ഫംഗസ് വിരുദ്ധ, ബാക്ടീരിയ വിരുദ്ധ, ഗുണങ്ങള്‍ ഉണ്ടെന്നാണ്. നേച്ചര്‍ അടക്കം യുഎസിലെ മികച്ച ജേണലുകളില്‍ പ്രസിദ്ധീകരിച്ചത് ഉള്‍പ്പെടെയുള്ള ഗവേഷണ പ്രബന്ധങ്ങളിലാണ് ഇക്കാര്യം പറയുന്നത്. അവ റഫറന്‍സിനായി ഞാന്‍ നിങ്ങളുമായി പങ്കിടാം,' -കാമകോടി പറഞ്ഞു.
'കൃഷിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ജൈവകൃഷിക്കും തദ്ദേശീയ കന്നുകാലി ഇനങ്ങളുടെ സംരക്ഷണത്തിനും വേണ്ടി വാദിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എന്റെ അഭിപ്രായങ്ങള്‍. വൈദ്യശാസ്ത്രത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ ഗവേഷണം പ്രോത്സാഹിപ്പിക്കേണ്ടത് പ്രധാനമാണ്.'- കാമകോടി കൂട്ടിച്ചേര്‍ത്തു. 'അതെ, ഞാന്‍ പഞ്ചഗവ്യം കഴിക്കാറുണ്ട്' -ഗോമൂത്രം ഉപയോഗിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ഐഐടി മദ്രാസ് ഡയറക്ടര്‍ പറഞ്ഞു. ഗോമൂത്രം മനുഷ്യ ഉപഭോഗത്തിന് സുരക്ഷിതമല്ലെന്ന് പറയുന്ന മറ്റ് പ്രബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരമൊരു വസ്തുത താന്‍ കണ്ടിട്ടില്ലെന്നും കാമകോടി വ്യക്തമാക്കി.
അതേസമയം കാമകോടിയുടെ പ്രസ്താവനയെ മദ്രാസ് ഐഐടി അധികൃതര്‍ ന്യായീകരിച്ചു. 'അദ്ദേഹം ഒരു ജൈവ കര്‍ഷകനാണ്, പരിപാടിയില്‍ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ശാസ്ത്ര ജേണലായ നേച്ചര്‍, അദ്ദേഹവും മറ്റുള്ളവരും ഈ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നു,'- മദ്രാസ് ഐഐടി അധികൃതര്‍ പറഞ്ഞു.
കാമകോടിയുടെ പരാമര്‍ശങ്ങള്‍ ശാസ്ത്രീയ യുക്തിയെ ദുര്‍ബലപ്പെടുത്തുകയും പിന്തിരിപ്പന്‍ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് ടിഎന്‍സിസി പ്രസിഡന്റ് കെ സെല്‍വപെരുന്തഗൈ പറഞ്ഞു. ഇത് മദ്രാസ് ഐഐടി പോലുള്ള ആഗോളതലത്തില്‍ ബഹുമാനിക്കപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ തലവന് യോജിച്ചതല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം പ്രസ്താവനകള്‍ അശാസ്ത്രീയമായ മനോഭാവത്തെ പ്രോത്സാഹിപ്പിക്കുകയും സാങ്കേതിക പുരോഗതിയിലുള്ള പൊതുജന വിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം മുന്നറിയിപ്പ് നല്‍കി.ഗോമൂത്രം ആരോഗ്യത്തിന് ഹാനികരമാണെന്ന ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണം ചൂണ്ടിക്കാട്ടി കാമകോടിയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു.
പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ചെന്നൈ വെസ്റ്റ് മാമ്പലത്തെ ചടങ്ങിലാണ് കാമകോടി ഗോമൂത്രത്തെ വാഴ്ത്തിയത്.ഗോമൂത്രത്തിന് ബാക്ടീരിയേയും ഫംഗസിനേയും പ്രതിരോധിക്കാനാകുമെന്നായിരുന്നു കാമകോടിയുടെ പ്രസ്താവന. കൂടാതെ, ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നും കാമകോടി അവകാശപ്പെടുന്നുണ്ട്. ഇറിറ്റബ്ള്‍ ബവല്‍ സിന്‍ഡ്രോമിനെതിരെ ഗോമൂത്രം അത്യധികം ഫലപ്രദമാണെന്നും കാമകോടി കൂട്ടിച്ചേര്‍ത്തു.
ഗോമൂത്രം കുടിച്ചാല്‍ എത്ര കടുത്ത പനിയും മാറുമെന്നും തന്റെ അച്ഛനോട് നിര്‍ദേശിച്ച ഒരു സന്ന്യാസിയുടെ കഥ പറഞ്ഞ് കൊണ്ടാണ് ഇതിന്റെ ഔഷധഗുണം കാമകോടി വിവരിച്ചത്. 'ഒരിക്കല്‍ വീട്ടില്‍ ഒരു സന്യാസി വന്നു. കടുത്ത പനി ബാധിച്ച അദ്ദേഹത്തെ ഡോക്ടറെ കാണിക്കാമെന്ന് പിതാവ് പറഞ്ഞെങ്കിലും സന്യാസി വിസമ്മതിച്ചു. ഗോമൂത്രം കുടിച്ചതോടെ 15 മിനിറ്റിനുള്ളില്‍ പനി ഭേദമായി'- കാമകോടി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക