നടന്റെ സെക്യൂരിറ്റിക്കാർ എവിടെപ്പോയി?; അക്രമി വീട്ടിൽ നുഴഞ്ഞു കയറിയത് സിസിടിവി കാമറ ഇല്ലാത്ത കവാടത്തിലൂടെ

കെട്ടിടത്തിന്റെ ഇടനാഴിയിൽ സിസിടിവി കാമറ ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.
Saif Ali Khan
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം സെയ്ഫ് അലി ഖാൻ മാധ്യമങ്ങൾക്ക് മുന്നിൽ പിടിഐ
Updated on

മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേൽക്കുമ്പോൾ അദ്ദേഹത്തിന്റെ രണ്ട് സുരക്ഷാ ജീവനക്കാരും ഉറക്കത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തി മുംബൈ പൊലീസ്. സിസിടിവി കാമറകൾ സ്ഥാപിക്കാതിരുന്ന പ്രധാന കവാടം വഴിയാണ് അക്രമി വീടിനകത്തു പ്രവേശിച്ചത്. രണ്ട് സുരക്ഷാ ജീവനക്കാരും ഉറങ്ങുകയാണെന്ന് ബോധ്യമായതോടെ അക്രമി അകത്തു കടക്കുകയായിരുന്നു.

ശബ്ദമുണ്ടാകാതിരിക്കാനായി ഇയാൾ തന്റെ ഷൂസ് ഊരി ബാ​ഗിൽ വെയ്ക്കുകയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. കെട്ടിടത്തിന്റെ ഇടനാഴിയിൽ സിസിടിവി കാമറ ഇല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ട് സുരക്ഷാ ജീവനക്കാരിൽ ഒരാൾ ക്യാബിനിലും രണ്ടാമൻ ​ഗേറ്റിനു സമീപവും ഉറങ്ങുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.- പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു.

പ്രതിയായ ബംഗ്ലാദേശ് സ്വദേശി ഷരീഫുല്‍ ഇസ്ലാം ഷഹസാദിനെ കഴിഞ്ഞദിവസം ബാന്ദ്രയിലെ സെയ്ഫിന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ച് സംഭവം പൊലീസ് പുനരാവിഷ്ക്കരിച്ചിരുന്നു. ഇന്ത്യയിലേക്ക് അനധികൃതമായെത്തി, ബിജോയ് ദാസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇയാളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ച് കയറി സെയ്ഫ് അലി ഖാനെ പ്രതി ആക്രമിച്ചത്. ആക്രമണ ശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിരുന്നു. കുട്ടികളുടെ മുറിയില്‍ കള്ളന്‍ കയറിയെന്ന് സഹായികളില്‍ ഒരാള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സെയ്ഫ് മുറിയിലെത്തിയത്.

തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി സെയ്ഫ് അലി ഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഇന്നലെ വൈകിട്ടോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി നടൻ വീട്ടിലെത്തുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com