ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടില്‍ നിന്ന്, ശാസ്ത്രീയ പരിശോധനാഫലം തെളിവ്: മുഖ്യമന്ത്രി സ്റ്റാലിന്‍

ഇതുവഴി ഇരുമ്പുയുഗ കാലഘട്ടത്തെ ഏകദേശം രണ്ട് സഹസ്രാബ്ദങ്ങള്‍ പിന്നോട്ട് തള്ളിയിരിക്കുകയാണ്
M K Stalin
എം കെ സ്റ്റാലിൻ ഫയൽ
Updated on

ചെന്നൈ: ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പുരാവസ്തു പരിശോധനാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്നത്തെ തമിഴ് സംസാരിക്കുന്ന പ്രദേശത്ത്, മൂന്നാം സഹസ്രാബ്ദത്തിന്റെ മധ്യത്തില്‍ തുടങ്ങി ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്നാണ്. 5,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രദേശത്ത് ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.

ഇതുവഴി ഇരുമ്പുയുഗ കാലഘട്ടത്തെ ഏകദേശം രണ്ട് സഹസ്രാബ്ദങ്ങള്‍ പിന്നോട്ട് തള്ളിയിരിക്കുകയാണ്. 'ഇരുമ്പിന്റെ പുരാതനത്വം: തമിഴ്നാട്ടില്‍ നിന്നുള്ള സമീപകാല റേഡിയോമെട്രിക് തീയതികള്‍' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ട് ചെന്നൈയില്‍ പുറത്തിറക്കുകയായിരുന്നു സ്റ്റാലിന്‍. 'ഇരുമ്പുയുഗം തമിഴ് മണ്ണില്‍ ആരംഭിച്ചു' എന്ന ശ്രദ്ധേയമായ നരവംശശാസ്ത്ര പ്രഖ്യാപനം ഇന്ത്യയ്ക്ക് മാത്രമല്ല, മുഴുവന്‍ ലോകത്തോടുമായി നടത്തുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു.

തൂത്തുക്കുടി ജില്ലയിലെ ശിവഗലൈ, തിരുനെല്‍വേലി ജില്ലയിലെ ആദിച്ചനല്ലൂര്‍, കൃഷ്ണഗിരി ജില്ലയിലെ മയിലാടുംപാറൈ തുടങ്ങി വിവിധ പുരാവസ്തു കേന്ദ്രങ്ങളില്‍ നിന്നുള്ള സാംപിളുകള്‍ ലഖ്നൗവിലെ ബീര്‍ബല്‍ സാഹ്നി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയന്‍സസ്; അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി; യുഎസ്എയിലെ ഫ്‌ലോറിഡയിലെ ബീറ്റാ അനലിറ്റിക് ലാബ് എന്നിവയുള്‍പ്പെടെ പ്രശസ്ത ലാബോറട്ടറികളില്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

തമിഴ് ഭൂപ്രകൃതിയിലാണ് അയിരില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുക്കുന്നതിനുള്ള ഉരുക്കല്‍ സാങ്കേതികവിദ്യ ആദ്യമായി അവതരിപ്പിച്ചതെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ് ക്രോണോമെട്രിക് ഡേറ്റിങിലൂടെ സ്ഥാപിച്ചതായി സ്റ്റാലിന്‍ പറഞ്ഞു. ഇത് തമിഴ് വംശത്തിനും തമിഴ്‌നാടിനും തമിഴ് ഭൂപ്രകൃതിക്കും അഭിമാനകരമാണ്. തമിഴ് ഭൂപ്രകൃതിയില്‍ നിന്ന് മനുഷ്യരാശിക്കുള്ള ഒരു മഹത്തായ സമ്മാനമാണിതെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com