
ന്യൂഡൽഹി: 5 വർഷമായി മുടങ്ങിക്കിടക്കുന്ന കൈലാസ- മാനസ സരോവർ യാത്ര പുനരാരംഭിക്കുന്നു. വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയിലെത്തി. ഇരു രാജ്യങ്ങളും തമ്മിൽ സെക്രട്ടറി തലത്തിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. യാത്രയുമായി ബന്ധപ്പെട്ട് നിലവിലുള്ള കരാറുകൾ അനുസരിച്ചുള്ള രീതികൾ ചർച്ചയിൽ പ്രധാന വിഷയമായി.
ഈ വേനൽ കാലത്തു തന്നെ യാത്ര പുനരാരംഭിക്കും. ഇന്ത്യ- ചൈന നയതന്ത്ര ബന്ധത്തിന്റെ 75ാം വർഷത്തിലാണ് യാത്ര പുനരാരംഭിക്കുന്നത്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ ചൈനീസ് സന്ദർശനത്തിലാണ് കൈലാസ യാത്രയുടെ കാര്യത്തിൽ തീരുമാനമുണ്ടായത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങൾ അന്നു ചർച്ചയായി. ഉഭയകക്ഷി സഹകരണത്തിലൂടെ മാത്രമാണ് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ സാധിക്കു എന്ന നിലപാട് ഇരുവരും അന്നു സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് ഇപ്പോൾ യാത്ര പുനരാരംഭിക്കുന്നതിനു വഴി തുറന്നത്.
2020ൽ കോവിഡ് വ്യാപിച്ചതിനെ തുടർന്ന് യാത്ര നിർത്തി വച്ചു. പിന്നീട് ഗൽവാൻ സംഘർഷത്തെ തുടർന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ യാത്ര പൂർണമായും അനിശ്ചിതത്വത്തിലായി. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ശാന്തമായി ഇരു രാജ്യങ്ങളും സേനയെ പിൻവലിച്ചതോടെ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള നടപടികൾ തുടങ്ങി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക