
ചെന്നൈ: നൂതന ആശയങ്ങള്‍ കൊണ്ടും സമകാലിക വിഷയങ്ങളിലെ പുതിയ ഉള്‍ക്കാഴ്ചകള്‍കൊണ്ടും പ്രൗഡമായി, ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്‍റെ തിങ്ക് എഡ്യൂ കോണ്‍ക്ലേവിന്‍റെ ആദ്യ ദിനം. ശാസ്ത്ര യൂണിവേഴ്സിറ്റി അവതരിപ്പിക്കുന്ന കോണ്‍ക്ലേവ് ചെന്നൈ ഐടിസി ഗ്രാന്‍റ് ചോളയിലാണ് നടക്കുന്നത്. പതിമൂന്നാം പതിപ്പിന്റെ ആദ്യ ദിവസം വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍ നടന്നു. സാമൂഹിക വിദ്യാഭ്യാസ നിയമ തലങ്ങളിലുള്ളവര്‍ സമകാലിക വിഷയങ്ങളില്‍ സംസാരിച്ചു.
ദിനമണി എഡിറ്റര്‍ കെ വൈദ്യനാഥന്‍ മോഡറേറ്റ് ചെയ്ത ഉദ്ഘാടന ചടങ്ങില്‍ അവകാശങ്ങള്‍, കടമകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യന്‍ പങ്കെടുത്തു. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ചര്‍ച്ച ചെയ്ത സെഷനില്‍ ശശി തരൂര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തക കാവേരി ബംസായിയുമായി സംസാരിച്ചു.
എസ്എന്‍ഡിടി വനിതാ യൂണിവേഴ്‌സിറ്റിയിലെ വിസി ഡോ.ഉജ്ജ്വല ചക്രദേവ്, ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിസി പ്രൊഫ.ബസുത്കര്‍ ജെ റാവു എന്നിവര്‍ ക്യാംപസുകളിലെ വിഷയങ്ങള്‍ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടത്തി. പ്രൊഫ. വൈദ്യസുബ്രഹ്മണ്യന്‍ മോഡറേറ്റ് ചെയ്ത സെഷനില്‍ യുജിസി ചെയര്‍മാന്‍ മാമിദല ജഗദേഷ് കുമാര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ കോച്ചിങ് സെന്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് സ്‌കൂള്‍ പാഠ്യപദ്ധതികളുമായി ചേര്‍ന്ന് പ്രവേശന പരീക്ഷകള്‍ നടത്തുന്നതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു ചര്‍ച്ച.
ഉച്ചകഴിഞ്ഞ് രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷങ്ങളാണ് ചര്‍ച്ച ചെയ്തത്. ആര്‍എസ്എസിന്റെ ജോയിന്റ് ജനറല്‍ സെക്രട്ടറി മുകുന്ദ സി ആര്‍ സംസാരിച്ചു. കോണ്‍ഗ്രസിലെ പ്രൊഫണല്‍സ് വിങ് ഡേറ്റ അനലിസ്റ്റ് ചെയര്‍മാന്‍ പ്രവീണ്‍ ചക്രവര്‍ത്തി, ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യ മോഡറേറ്റ് ചെയ്ത സെഷനില്‍ കോണ്‍ഗ്രസിന്റെ ഭാവി എന്ന വിഷയത്തില്‍ സംസാരിച്ചു.
എംപിമാരായ അംഗോത ബിമോള്‍ അകോയിജാം, ഡോ.ആര്‍ എന്‍ ബെഹെറസ, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പാര്‍ലമെന്റിലെ എംപിമാരുടെ വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു. ഡോ.സുധ ശേഷയ്യനും ഡോ.കെ ശിവപ്രസാദ്, സാമ്പത്തിക വിദഗ്ധന്‍ സുബ്രഹ്മണ്യന്‍ സ്വാമി, നടന്‍ കാര്‍ത്തി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.
ഒന്നാം ദിവസം 14 സെഷനുകളിലായി 25 പേരാണ് സംസാരിച്ചത്. 245 വിദ്യാര്‍ഥികളും 150 പ്രതിനിധികളും അധ്യാപകരും വിവിധ സെഷനുകളിലായി പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക