അപകടം ബാരിക്കേഡ് തകര്‍ന്നത് മൂലം, മഹാകുംഭമേളയില്‍ തിക്കിലുംതിരക്കിലും പെട്ട് 30 പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്ക്; കണക്ക് പുറത്തുവിട്ട് യുപി സര്‍ക്കാര്‍

പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
25 of the 30 killed in Maha Kumbh stampede identified
മഹാകുംഭമേളയില്‍ തിക്കിലുംതിരക്കിലും പെട്ട് 30 പേര്‍ മരിച്ചുപിടിഐ
Updated on

ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയ്ക്കിടെ ബുധനാഴ്ച തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. തിക്കിലും തിരക്കിലും പെട്ട് മരിച്ച 30 പേരില്‍ 25 പേരെ തിരിച്ചറിഞ്ഞു. അറുപത് പേര്‍ക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.

തിക്കിലും തിരക്കിലും മരിച്ചതായി പ്രാദേശിക റിപ്പോര്‍ട്ടുകളും പ്രയാഗ് രാജ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റുകളും പുറത്തുവന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്. ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നായ മൗനി അമാവാസി ദിനത്തില്‍ പുണ്യസ്നാനം നടത്താന്‍ നിരവധി തീര്‍ഥാടകര്‍ തിരക്കുകൂട്ടിയതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. തിക്കിലും തിരക്കിലും പെടുന്നതിന് മുമ്പ് പലരും ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ തുടങ്ങിയെന്നും വൈഭവ് കൃഷ്ണ പറഞ്ഞു.

'പുലര്‍ച്ചെ 1-2 മണിയോടെ ഉണ്ടായ തിക്കിലും തിരക്കിലുമാണ് 30 പേര്‍ മരിച്ചത്. 25 പേരെ തിരിച്ചറിഞ്ഞു, ബാക്കി 5 പേരെ തിരിച്ചറിയാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്,'- വൈഭവ് കൃഷ്ണ വ്യക്തമാക്കി.

ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ച സംഭവം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്സില്‍ കുറിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മോദി പരിക്കേറ്റ എല്ലാവരും വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും ഒരുക്കാന്‍ പ്രാദേശിക ഭരണകൂടം വ്യാപൃതരാണ്. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി എക്സില്‍ കുറിച്ചു.

അതേസമയം, ബാരിക്കേഡ് മറികടക്കാന്‍ ആള്‍ക്കൂട്ടം ശ്രമിച്ചതാണ് അപകട കാരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ വലിയ ജനക്കൂട്ടമെത്തിച്ചേര്‍ന്നു. സജ്ജീകരണങ്ങളെല്ലാം കൃത്യമായിരുന്നു. കുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ ഭരണകൂടം നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും അദ്ദേഹം പറഞ്ഞു. കിംവദന്തികളില്‍ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍നീക്കങ്ങളില്‍ അഭിപ്രായം തേടി ആഖാഡ പ്രതിനിധികളുമായി യോഗി ചര്‍ച്ച നടത്തി. അതിന് പിന്നാലെ അമൃതസ്‌നാനം പുനഃരാരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഭക്തര്‍ ദയവായി അടുത്തുള്ള ഘാട്ടുകളില്‍ പുണ്യസ്‌നാനം ചെയ്യണമെന്നും ഭരണകൂടം നല്‍കുന്ന എല്ലാ നിര്‍ദേശങ്ങളും പാലിക്കണമെന്നും ക്രമസമാധാനം നിലനിര്‍ത്താന്‍ സഹകരിക്കണമെന്നും യോഗി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com