മുത്തലാഖ് നിയമപ്രകാരം എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു?; കേന്ദ്രത്തോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി

എത്ര എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു
supreme court
സുപ്രീംകോടതിഫയൽ
Updated on

ന്യൂഡല്‍ഹി: മുത്തലാഖില്‍ കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന 2019 ലെ മുസ്ലീം വനിതാ (വിവാഹ അവകാശ സംരക്ഷണ) നിയമപ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത ആകെ എഫ്ഐആറുകളുടെ എണ്ണവും കുറ്റപത്രങ്ങളും വിശദീകരിക്കുന്ന സത്യവാങ്മൂലം നല്‍കാനാണ് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുത്തലാഖ് നിയമപ്രകാരം, മുത്തലാഖ് ചൊല്ലിയ മുസ്ലീം പുരുഷന്മാര്‍ക്കെതിരെ എത്ര എഫ്ഐആറുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 2019 ലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമം പാസ്സാക്കിയത്. ഇതു ചോദ്യം ചെയ്തുകൊണ്ട് കേരളത്തില്‍ നിന്നടക്കം ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.

ഈ ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് മുത്തലാഖുമായി ബന്ധപ്പെട്ട് മുസ്ലിം പുരുഷന്മാര്‍ക്കെതിരെ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ കേസുകള്‍ ചോദ്യം ചെയ്ത് ഹൈക്കോടതികളില്‍ കേസുകളുണ്ടെങ്കില്‍ അതേപ്പറ്റിയുള്ള റിപ്പോര്‍ട്ടും നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

മുസ്ലിം സ്ത്രികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുത്തലാഖ് നിയമം കൊണ്ടുവന്നതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി. ഏതായാലും അഭിഭാഷകരില്‍ ആരും മുത്തലാഖ് സമ്പ്രദായത്തെ പിന്തുണയ്ക്കുമെന്ന് കരുതുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ഹര്‍ജികളില്‍ വാദം കേള്‍ക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com