

ന്യൂഡല്‍ഹി: ബിജെപിക്ക് എതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത മുന്നണിയായ ഇന്ത്യ സഖ്യത്തില്‍ നിന്നും ആംആദ്മി പാര്‍ട്ടി (AAP) പുറത്തേക്ക്. ബിജെപിയും - കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടൂകെട്ട് നിലനില്‍ക്കുന്നു എന്നാരോപിച്ചാണ് ആംആദ്മി പാര്‍ട്ടി ഇത്തരം ഒരു നിലപാടിലേക്ക് എത്തിയിരിക്കുന്നത്. ഇന്ത്യ സഖ്യം രൂപീകരിച്ചത് 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാത്രം വേണ്ടിയായിരുന്നു എന്നും എഎപി നേതാക്കള്‍ സൂചിപ്പിക്കുന്നു.
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളമനം വിളിച്ച് ചേര്‍ക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ നിന്നും എഎപി വിട്ടുനിന്നിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ 15 പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യം ഒന്നിച്ച് ഉന്നയിച്ചപ്പോള്‍ എഎപി പ്രത്യേകം കത്ത് നല്‍കുകയാണ് ഉണ്ടായത്. ഇതിനിടെ, കോണ്‍ഗ്രസുമായുള്ള ഭിന്നത വ്യക്തമാക്കി എഎപി ദേശീയ മാധ്യമ വിഭാഗം മേധാവി അനുരാഗ് ധണ്ടയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും പുറത്തുവന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ അണിയറിയില്‍ കൂട്ടുകെട്ട് നിലനില്‍ക്കുന്നു എന്നാണ് എഎപി നേതാവിന്റെ ആരോപണം.
'അണിയറയില്‍, യഥാര്‍ത്ഥ സഖ്യം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ്, മോദിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയുന്നുള്ളൂ. പകരമായി, ഗാന്ധി കുടുംബത്തെ ജയിലിലേക്ക് പോകുന്നതില്‍ നിന്ന് മോദി രക്ഷിക്കുന്നു. സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നാട്ടുകാര്‍ക്ക് ഒരുക്കുന്നതില്‍ ഇരുവര്‍ക്കും താല്‍പ്പര്യമില്ല,' എന്നായിരുന്നു എഎപി നേതാവ് ധണ്ടയുടെ എക്സ് പോസ്റ്റ്.
കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു, ബിജെപിയുടെ ഭരണം കോണ്‍ഗ്രസിന്റെ അഴിമതിയെ മറയ്ക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയം ശുദ്ധീകരിക്കാന്‍, ഈ ഗൂഢാലോചന അവസാനിപ്പിക്കണം. രാഹുല്‍ ഗാന്ധിയും മോദിയും വേദിയില്‍ എതിരാളികളായി പ്രത്യക്ഷപ്പെട്ടേക്കാം, പക്ഷേ സത്യം എന്തെന്നാല്‍ അവര്‍ പരസ്പരം രാഷ്ട്രീയ നിലനില്‍പ്പിന് ഉറപ്പുനല്‍കുന്നവരായി മാറിയിരിക്കുന്നു എന്നും എഎപി പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യ സഖ്യത്തെ കുറിച്ചുള്ള എഎപി നേതാവിന്റെ പ്രതികരണം. ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചത് 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി മാത്രമാണ്. ഈ സഖ്യം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 240 സീറ്റുകള്‍ നേടിക്കൊടുത്തു - ഇത് ഒരു സുപ്രധാന നേട്ടമാണെന്നും എഎപി നേതാവ് അവകാശപ്പെടുന്നു. ആം ആദ്മി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സഖ്യം അതിന്റെ ലക്ഷ്യം നേടിക്കഴിഞ്ഞു. പാര്‍ട്ടി ഇനി ബ്ലോക്കിന്റെ ഭാഗമല്ല. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും എഎപി ഒറ്റയ്ക്ക് മത്സരിക്കും. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അനുരാഗ് ധണ്ട പറയുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലും ഗുജറാത്തിലും ഹരിയാനയിലും കോണ്‍ഗ്രസും എഎപിയും സഖ്യകക്ഷികളായി മത്സരിച്ചു. പക്ഷേ പഞ്ചാബില്‍ പരസ്പരം മത്സരിച്ചു. കഴിഞ്ഞ വര്‍ഷം ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്പരം മത്സരിച്ചു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ഇരു പാര്‍ട്ടികളും കടുത്ത പോരാട്ടം നടത്തി. ഇത്തരത്തിലുള്ള രണ്ട് പാര്‍ട്ടികള്‍ ഇന്ത്യ ബ്ലോക്കില്‍ സഖ്യകക്ഷികളായി എങ്ങനെ മുന്നോട്ട് പോകുമെന്നത് വലിയ ചോദ്യമാണെന്നും എഎപി ഉന്നയിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
