അഹമ്മദാബാദ് വിമാനദുരന്തം: മരണം 265 ആയി; ബ്ലാക്ക് ബോക്‌സ് കണ്ടെത്തി

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ 265 ആയി
Ahmedabad Air India Crash
അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരണസംഖ്യ 265 ആയി (Ahmedabad Air India Crash)പിടിഐ
Updated on
1 min read

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ (Ahmedabad Air India Crash)മരണസംഖ്യ 265 ആയി. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ ഒരാളൊഴികെ 241 പേരും മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ രമേഷ് മാത്രമാണ് രക്ഷപ്പെട്ടത്. എജര്‍ജന്‍സി എക്‌സിറ്റ് വഴിയാണ് വിശ്വാസ് കുമാര്‍ രക്ഷപ്പെട്ടത്. വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. മരിച്ചവരില്‍ 4 എംബിബിഎസ് വിദ്യാര്‍ഥികളും ഒരു ഡോക്ടറുടെ ഭാര്യയും ഉള്‍പ്പെടുന്നതായി മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. അതിനിടെ അപകടം എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി.

വിദ്യാര്‍ഥികളില്‍ പലരെയും കാണാതായിട്ടുണ്ട്. 11 പേര്‍ ചികിത്സയിലുണ്ട്. ആശുപത്രിവളപ്പിലെ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരില്‍ 169 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളില്‍ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമായിരുന്നു. യാത്രക്കാരില്‍ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരില്‍ രണ്ടു പൈലറ്റുമാരും 10 കാബിന്‍ ക്രൂവുമായിരുന്നു. ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ യുകെയില്‍ നഴ്സായ പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുമുണ്ട്.

അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ്വിക് രാജ്യാന്തര വിമാനത്താവളം ലക്ഷ്യമാക്കിയാണ് വിമാനം പറന്നുയര്‍ന്നത്. പറന്നുയര്‍ന്ന ശേഷം 32 സെക്കന്റിനുള്ളിലായിരുന്നു അപകടം. പറന്നുയര്‍ന്ന ഉടന്‍ പൈലറ്റുമാര്‍ അപകട സന്ദേശം അയച്ചു. എന്നാല്‍ പിന്നീട് സിഗ്‌നല്‍ ലഭിച്ചില്ല. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്നു പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിനു മുകളില്‍ പതിക്കുകയായിരുന്നു. ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് തീ ഉയര്‍ന്നു. ഇവിടെ വിമാനത്തിന്റെ വാലറ്റം കെട്ടിടത്തില്‍ കുടുങ്ങി. മുന്‍ഭാഗം തെറിച്ച് തൊട്ടടുത്തുള്ള കെട്ടിടസമുച്ചയത്തില്‍ ഇടിച്ച് പൊട്ടിത്തെറിച്ചു. ഈ കെട്ടിടം കത്തിനശിച്ചു. മേഘനിനഗറിലെ ജനവാസമേഖലയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com