

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ വലിയ വിമാന ദുരന്തങ്ങളില്‍ (Air India plane crash) ഒന്നാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായി വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ലണ്ടനിലേക്ക് പറന്നുയര്‍ന്ന എയര്‍ഇന്ത്യ ഫ്‌ലൈറ്റ് AI171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം 32 സെക്കന്റിലുള്ളിലാണ് അപകടത്തില്‍പ്പെട്ടത്. വിമാനം 625 അടി ഉയരത്തില്‍ എത്തിയശേഷം തുടര്‍ന്ന് പറക്കാനാവാതെ താഴ്ന്നുവന്നു മേഘനിനഗര്‍ ബിജെ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ മെസിന് മുകളില്‍ പതിക്കുകയായിരുന്നു. എയര്‍ ഇന്ത്യയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം, മരിച്ച ഓരോ യാത്രികനും നഷ്ടപരിഹാരമായി 151,880 സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് (എസ്ഡിആര്‍ ) നല്‍കാന്‍ വിമാനക്കമ്പനി ബാധ്യസ്ഥമാണ്. നിലവിലെ വിനിമയ നിരക്കില്‍ ഏകദേശം 1.8 കോടി രൂപ വരും.
അന്താരാഷ്ട്ര കരുതല്‍ ആസ്തിയാണ് സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ്. ഐഎംഎഫ് ആണ് ഇതിന് രൂപം നല്‍കിയത്. എസ്ഡിആറിന്റെ മൂല്യം അഞ്ച് അന്താരാഷ്ട്ര കറന്‍സികളില്‍ നിന്നാണ് കണക്കാക്കുന്നത് - യുഎസ് ഡോളര്‍, യൂറോ, ചൈനീസ് റെന്‍മിന്‍ബി, ജാപ്പനീസ് യെന്‍, ബ്രിട്ടീഷ് പൗണ്ട് സ്റ്റെര്‍ലിംഗ്. ഒരു എസ്ഡിആറിന്റെ മൂല്യം 120 രൂപയാണ്. അപകടത്തിന് ആരാണ് ഉത്തരവാദിയെന്ന് പരിഗണിക്കാതെ, ഓരോ യാത്രക്കാരന്റെയും കുടുംബത്തിന് ഈ നഷ്ടപരിഹാരം നല്‍കണമെന്നാണ് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നത്.
ടാറ്റ ഗ്രൂപ്പ് ഇതുവരെ ഓരോ യാത്രക്കാരനും ഒരു കോടി രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനപകടത്തില്‍ സംഭവിക്കുന്ന പരിക്കുകള്‍, ലഗേജ് നഷ്ടപ്പെടല്‍, മരണങ്ങള്‍ എന്നിവയ്ക്കുള്ള നഷ്ടപരിഹാരം എല്ലാ രാജ്യങ്ങളിലും ന്യായവും ഒരുപോലെയുള്ളതാണെന്നും ഉറപ്പാക്കാനാണ് കണ്‍വെന്‍ഷന്‍. മോണ്‍ട്രിയല്‍ കണ്‍വെന്‍ഷനിലെ നിശ്ചിത ബാധ്യതാ പരിധിയെ അടിസ്ഥാനമാക്കി, യാത്രക്കാര്‍ക്ക് മാത്രം എയര്‍ ഇന്ത്യ നഷ്ടപരിഹാരമായി 377 കോടി രൂപയില്‍ കൂടുതല്‍ നല്‍കേണ്ടി വരും. ക്രൂ അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തിയാല്‍ നഷ്ടപരിഹാര ബാധ്യത കൂടും. മൊത്തം ബാധ്യത 412 കോടി രൂപയ്ക്ക് മുകളില്‍ വരാം.
മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ യാത്രക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് നിലക്കൊള്ളുന്നത്. കണ്‍വെന്‍ഷന്‍ പ്രകാരം മരണത്തിനോ പരിക്കിനോ ഉള്ള വ്യവസ്ഥകള്‍ക്ക് കീഴില്‍ ക്രൂ അംഗങ്ങള്‍ സാധാരണയായി ഉള്‍പ്പെടാറില്ല. തൊഴിലാളി നഷ്ട പരിഹാര നിയമങ്ങള്‍, തൊഴില്‍ കരാറുകള്‍ അല്ലെങ്കില്‍ ഡ്യൂട്ടിയിലുള്ള എയര്‍ലൈന്‍ ജീവനക്കാര്‍ക്ക് ബാധകമായ വ്യോമയാന-നിര്‍ദ്ദിഷ്ട ഇന്‍ഷുറന്‍സ് പോളിസികള്‍ എന്നിവയ്ക്ക് കീഴിലാണ് സാധാരണയായി ക്യൂ അംഗങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാറ്.
ഇതിന് പുറമേ എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കപ്പെട്ടാല്‍ കുടുംബങ്ങള്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍, മരിച്ചയാളുടെ പ്രായം, വരുമാനം, ആശ്രിതരുടെ എണ്ണം, മറ്റ് വ്യക്തിപരമായ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്ത്, എസ്ഡിആര്‍ പരിധിക്ക് മുകളിലുള്ള നഷ്ടപരിഹാരം കോടതികള്‍ക്ക് ഉത്തരവിടാവുന്നതാണ്. എന്നാല്‍ ഇത് ലഭിക്കുന്നതിന് കുടുംബങ്ങള്‍ കോടതിയില്‍ വിമാനക്കമ്പനിയുടെ തെറ്റ് സ്ഥാപിക്കേണ്ടതായി വരും.
മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പ്രകാരം, ശവസംസ്‌കാരച്ചെലവുകള്‍ അല്ലെങ്കില്‍ താല്‍ക്കാലിക ജീവിതച്ചെലവുകള്‍ പോലുള്ള അടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വിമാനക്കമ്പനികള്‍ യാത്രക്കാരുടെ കുടുംബങ്ങള്‍ക്ക് കാലതാമസമില്ലാതെ മുന്‍കൂറായും തുക നല്‍കണം. ഈ മുന്‍കൂര്‍ പേയ്മെന്റുകള്‍ 16,000 എസ്ഡിആറില്‍ കുറയാത്തതോ ഒരു യാത്രക്കാരന് ഏകദേശം 18 ലക്ഷം രൂപയോ ആയിരിക്കണം. ഔദ്യോഗിക അന്വേഷണം അവസാനിക്കുന്നതിന് മുമ്പുതന്നെ ഈ തുക ഉടന്‍ കൈമാറേണ്ടതാണ്.
ഇതിന് പുറമേ വിമാനം കത്തിനശിച്ചതും എയര്‍ഇന്ത്യയുടെ നഷ്ടം വര്‍ധിപ്പിക്കുന്നു. ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് തകര്‍ന്നത്. ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വീസുകള്‍ക്കായി ഉപയോഗിക്കുന്ന വിമാനമാണിത്. വിമാനം വാങ്ങുന്ന സമയത്ത് വിമാനത്തിന്റെ ഏകദേശ ചെലവ് 125 മില്യണ്‍ മുതല്‍ 175 മില്യണ്‍ ഡോളര്‍ വരെയായിരുന്നു. അതായത് ഏകദേശം 1,040 കോടി മുതല്‍ 1,450 കോടി രൂപ വരെ. നിലവില്‍ എയര്‍ഇന്ത്യയുടെ കൈവശം ഏകദേശം 30 ഡ്രീംലൈനറുകള്‍ ഉണ്ട്. 2012 മുതല്‍ ഈ വിമാനങ്ങള്‍ പറത്തുന്നുണ്ട്.
'എയര്‍ ഇന്ത്യ വിമാനാപകടം പോലുള്ള സംഭവങ്ങള്‍ ടോട്ടല്‍ ലോസിലേക്ക് നയിച്ചേക്കാം. അതായത് വിമാനം പൂര്‍ണ്ണമായും നശിച്ചു, നന്നാക്കാന്‍ കഴിയില്ല, വീണ്ടെടുക്കാന്‍ കഴിയുന്ന ഭാഗങ്ങളില്ല എന്നിങ്ങനെയുള്ള സാഹചര്യത്തില്‍ ഏകദേശം 13 കോടി ഡോളര്‍ നഷ്ടം സംഭവിക്കാം. വിമാനത്തിന് 8 കോടി ഡോളറും ബാധ്യതകള്‍ക്ക് 5 കോടി ഡോളറും വരാം'- അലയന്‍സ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സിലെ ഏവിയേഷന്‍ ഇന്‍ഷുറന്‍സ് ബിസിനസ് മേധാവി സൗരവ് ദാസ് പറയുന്നു.
വിമാനം ഒരു മെഡിക്കല്‍ കോളേജ് കാമ്പസിലാണ് ഇടിച്ചുകയറിയത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്കുള്ള തേര്‍ഡ് പാര്‍ട്ടി നാശനഷ്ടങ്ങളുടെ ബാധ്യതയെ കുറിച്ച് മോണ്‍ട്രിയല്‍ കണ്‍വെന്‍ഷന്‍ പറയുന്നില്ല. അത്തരം കേസുകളില്‍ സാധാരണയായി അധികാരപരിധി അനുസരിച്ച് വ്യോമയാന-നിര്‍ദ്ദിഷ്ട ബാധ്യതാ കണ്‍വെന്‍ഷന്‍ അനുസരിച്ച് ആണ് നഷ്ടം നിര്‍ണയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
